കോട്ടയം: ജവഹർലാൽ നെഹ്റുവിന്റെ സ്മരണകളുണർത്തി ജില്ലയിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. ചാച്ചാജിയുടെ വേഷമണിഞ്ഞ കുരുന്നുകൾ ശിശുദിന റാലികളെ ശ്രദ്ധേയമാക്കി. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും സമൂഹത്തിൽ സാഹോദര്യം നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും തിരുനക്കര ക്ഷേത്ര മൈതാനത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു കുട്ടികളുടെ പ്രധാനമന്ത്രി സി.എ.ആർച്ച പറഞ്ഞു. ളാലം സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥി എയ്ഡൻ ജോ ദീപു അദ്ധ്യക്ഷത വഹിച്ചു.
മിന്നു എൽസ സാജു (ലൂർദ്ദ് സ്കൂൾ കോട്ടയം), ഗൗരിമ എസ്. നായർ (ജവഹർ നവോദയ വിദ്യാലയം,വടവാതൂർ) എന്നിവർ പ്രസംഗിച്ചു.
നഗരസഭാദ്ധ്യക്ഷ ഡോ. പി.ആർ. സോന കുട്ടികളെ സ്വീകരിച്ചു. മുൻ എം.എൽ.എ വി.എൻ വാസവൻ ശിശുദിന സന്ദേശം നൽകി. അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ (ജനറല്‍) ജി. അനിസ് ഐക്യദാര്‍ഢ്യ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. ജവഹർ ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാടവന ബാലകൃഷ്ണ പിള്ള, ചെയർമാൻ ടി. ശശികുമാർ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വി.ജയകുമാർ, നന്ത്യാട് ബഷീർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. തിരുനക്കര ക്ഷേത്ര മൈതാനത്തു നിന്നാരംഭിച്ച റാലി ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു ഫ്ളാഗ് ഓഫ് ചെയ്തു. നിശ്ചല ദൃശ്യങ്ങൾ, റോളർ സ്കേറ്റിംഗ്, പ്രച്ഛന്ന വേഷങ്ങൾ തുടങ്ങിയവ അണിനിരന്ന റാലി ബേക്കർ മെമ്മോറിയല്‍ സ്കൂളിൽ സമാപിച്ചു. ജില്ലാ ഭരണകൂടവും ജവഹർ ബാല ഭവനും വിവിധ വകുപ്പുകളും സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്.
--- തിരുനക്കര ക്ഷേത്ര മൈതാനത്തു നിന്നാരംഭിച്ച റാലി ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു ഫ്ളാഗ് ഓഫ് ചെയ്യുന്നു