അടിമാലി: അടിമാലിയിലെ മൊബൈൽ ത്രിവേണി സ്റ്റോർ പ്രവർത്തന രഹിതമായിട്ട് ഒന്നരമാസം പിന്നിടുന്നു.
മുമ്പ് അടിമാലിയിൽ പ്രവർത്തിച്ച് വന്നിരുന്നതും ഇപ്പോൾ ഇരുമ്പുപാലത്ത് പ്രവർത്തിക്കുന്നതുമായ ത്രിവേണി സൂപ്പർമാർക്കറ്റിന് കീഴിലായിരുന്നു മൊബൈൽ ത്രിവേണി സ്റ്റോർ സജ്ജമാക്കിയിരുന്നത്.ആദിവാസി മേഖലകൾ അടങ്ങുന്ന അടിമാലിയുടെ സമീപപ്രദേശങ്ങളിൽ മൊബൈൽ ത്രിവേണി സ്റ്റോറിന്റെ സേവനം ലഭിച്ചു പോന്നു.കൃത്യമായ ഇടവേളകളിൽ കുറഞ്ഞ വിലക്ക് സാധനങ്ങൾ വീട്ടുപടിക്കൽ കിട്ടിത്തുടങ്ങിയതോടെ വാഹനം കാത്ത് നിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു.മെച്ചപ്പെട്ട വരുമാനം നേടി മൊബൈൽ ത്രിവേണി സ്റ്റോർ മുമ്പോട്ട് പോകവെ കഴിഞ്ഞ ഒന്നരമാസമായി വാഹനം കട്ടപ്പുറത്ത് വിശ്രമിക്കുകയാണ്.സർക്കാരിന് ലഭിക്കുന്ന മികച്ച വരുമാനമെന്നതിനപ്പുറം മാങ്കുളമടക്കമുള്ള വിദൂരഗ്രാമങ്ങളിലെ സാധാരണക്കാരായ കർഷക കുടുംബങ്ങൾക്ക് മൊബൈൽ ത്രിവേണി സ്റ്റോർ വലിയ സഹായമായി തീർന്നിരുന്നു.കുറ്റമറ്റ രീതിയിൽ വാഹനം സേവനം നൽകിവരികെയാണ് പൊടുന്നനെ സർവ്വീസ് അവസാനിപ്പിച്ച്് അടിമാലി പഞ്ചായത്ത് മൈതാനിയിൽ വിശ്രമിക്കുന്നത്.വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി സർവ്വീസ് നിർത്തി വച്ചിരിക്കുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.അറ്റകുറ്റപ്പണി സംബന്ധിച്ച ആവശ്യം വകുപ്പിനെ അറിയിച്ചതായും ഹെഡോഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ മാത്രമെ വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.വെയിലും മഴയുമേറ്റ് വാഹനം ഇനിയും പഞ്ചായത്ത് മൈതാനിയിൽ വിശ്രമിച്ചാൽ അത് കൂടുതൽ നഷ്ടത്തിന് വഴിയൊരുക്കും.