വാകത്താനം: പഞ്ചായത്ത് ഭരണസമിതിയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി യു.ഡി.എഫ്. സി.പി.എം ഭരണം നടത്തുന്ന പഞ്ചായത്തിലെ പ്രസിഡന്റ് പി.ബി. പ്രകാശ് ചന്ദ്രനെതിരെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ആകെ 20 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ ഒരു സ്വതന്ത്രന്റെ പിൻതുണയോടെയാണ് എൽ.ഡി.എഫ് ഭരണം നടത്തുന്നത്. എൽ.ഡി.എഫിനും യു.ഡി.എഫിനും ഒൻപത് വീതം അംഗങ്ങളും, ബി.ജെ.പിയ്ക്കും സ്വതന്ത്രനും ഓരോ അംഗങ്ങളുമാണ് ഉള്ളത്.
പഞ്ചായത്തിലെ മുൻ ധാരണ അനുസരിച്ച് സ്വതന്ത്ര അംഗം ബേബി മോൾ എം. വർക്കി സി.പി.എം പിൻതുണയോടെയാണ് കഴിഞ്ഞ മൂന്നു വർഷം ഭരണം നടത്തിയത്. തുടർന്ന് ഇനിയുള്ള രണ്ടു വർഷം ബേബിമോൾ സി.പി.എം പഞ്ചായത്ത് പ്രസിഡന്റിനെ പിൻതുണയ്ക്കുമെന്നായിരുന്നു ധാരണ. ഇതിനിടെയാണ് ഇപ്പോൾ പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിരിക്കുന്നത്.