എരുമേലി : ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് വീട് നിർമ്മാണത്തിന് തുടക്കമായി. മുട്ടപ്പള്ളി കിഴക്കേപ്പാറ ഓമന, മക്കളായ രജനി, മഞ്ജു, മല്ലിക എന്നിവർക്കാണ് വീട് നിർമിച്ച് നൽകുന്നത്. 8 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഗിരീഷ് പി സാരഥി ശിലാസ്ഥാപനം നിർവഹിച്ചു. പ്ലാസ്റ്റിക് ഷെഡിൽ കഴിഞ്ഞ കുടുംബത്തിന്റെ ദയനീയ സ്ഥിതി ജനമൈത്രി പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ ഭവന സന്ദർശനത്തിലാണ് അറിഞ്ഞത്. തുടർന്ന് ജനകീയ കമ്മിറ്റി രൂപീകരിച്ച് വീട് നിർമ്മാണ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു. സിറ്റൗട്ട്, ഹാൾ, രണ്ട് കിടപ്പുമുറികൾ, അടുക്കള, കക്കൂസ് എന്നീ സൗകര്യങ്ങളുണ്ട്. പ്രിൻസിപ്പൽ എസ്.ഐ വിനോദ്, എസ്.ഐ മുഹമ്മദ് ഹനീഫ, എ.എസ്.ഐ ബ്രഹ്മദാസ്, കൺവീനർ സി.പി.ഒ ഷാജി, ബീറ്റ് ഓഫീസർമാരായ സബീർ, ഷാജി, വാർഡംഗം കുഞ്ഞമ്മ തുടങ്ങിയവർ പങ്കെടുത്തു.