കോട്ടയം: നിയമപാലകർ കളങ്കിതരായാൽ നിരപരാധികൾ തുറങ്കിലാകുമെന്ന സന്ദേശം കഥാപ്രസംഗമായി അവതരിപ്പിച്ച ഭരണങ്ങാനം എസ്.എച്ച് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ പ്രേക്ഷക ഹൃദയവും കീഴടക്കി. ശ്യാം മുത്തോലിയുടെ ശിക്ഷണത്തിൽ ചിട്ടയായ പരിശീലനം നേടിയാണ് കുട്ടികൾ വേദിയിലെത്തിയത്. കഴിഞ്ഞ നാലുവർഷവും റവന്യുജില്ല സ്കൂൾ കലോത്സവത്തിൽ പെൺകുട്ടികളുടെ വിഭാഗം കഥാപ്രസംഗത്തിൽ ഭരണങ്ങാനം എസ്.എച്ച് ഗേൾസ് സ്കൂളായിരുന്നു ജേതാക്കൾ. കഴിഞ്ഞവർഷം സംസ്ഥാന കലോത്സവത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി.വിഭാഗം കഥാപ്രസംഗ മത്സരത്തിലും ഇതേ സ്കൂളിലെ ആൻ മരിയ വിജയിയായി. മാർഗംകളിയിലും ഇവർതന്നെ ജേതാക്കളായി. നാടകം, ഗ്രൂപ്പ് ഡാൻസ് ഇനങ്ങളിലും ഇവർ മാറ്റുരയ്ക്കുന്നുണ്ട്.