പാലാ : ജീവിതത്തെയും പരീക്ഷയെയും പേടിക്കേണ്ട, പ്രതിസന്ധികൾ ഇതുപോലെ നേരിടണം. ഒറ്റക്കാലിൽ അതിശയിപ്പിക്കുന്ന നൃത്തമവതരിപ്പിച്ച് പ്രഭുരാജ് പറഞ്ഞു നിറുത്തിയതോടെ കുട്ടികളുടെ കാതടപ്പിക്കുന്ന കരഘോഷം. പാലാ വൈസ്‌മെൻ ഇന്റർനാഷണലും പാലാ ചാവറ പബ്ലിക് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനുള്ള പരീശീലന ക്യാമ്പിലാണ് പ്രഭുരാജ് എന്ന ചെന്നൈ സ്വദേശിയുടെ അത്യുജ്ജല പ്രകടനം. 17ാം വയസിൽ ട്രെയിൻ അപകടത്തിലാണ് പ്രഭുവിന് കാൽ നഷ്ടപ്പെട്ടത്. ആ നിമിഷം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. ഗുരുക്കന്മാരും രക്ഷിതാക്കളും തന്ന പ്രാർത്ഥനയും ഉപദേശവുമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് പ്രഭുരാജ് പറഞ്ഞു. ആ പിന്തുണയാണ് നൃത്താഭ്യാസത്തിന് പ്രേരിപ്പിച്ചത്. വേദന കടിച്ചമർത്തിയുള്ള പരിശീലനം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏതാനും തമിഴ് ചിത്രങ്ങളിലും പ്രഭുരാജ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
വൈസ്‌മെൻ ലഫ്റ്റനന്റ് റീജിയണൽ ഡയറക്ടർ ഡോ. ലീലാ ഗോപീകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ, അഡ്വ. ഫിലിപ്പ് തെങ്ങുംചേരിൽ എന്നിവർ നേതൃത്വം നൽകി. മനശാസ്ത്ര വിദഗ്ധൻ വിപിൻ ബി. റോൾഡന്റ്, യോഗാചാര്യൻ കെ. ഗോപിനാഥ്, നർത്തകൻ പ്രഭുദാസ് ചെന്നൈ, സുംബാ ഫിറ്റ്‌നസ് പരിശീലകരായ സിൻ ജേസൺ മാത്യു, ബോബ് ഫിലിപ്പ് എന്നിവർ ക്ലാസ് നയിച്ചു.