പാലാ : ബൈക്കിൽ ബസിടിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഏഴാച്ചേരി ചിറയ്ക്കൽ തോമസിന്റെ മകൻ സിന്റോയുടെ (36) സംസ്ക്കാരം ഇന്ന് രാവിലെ 11ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും. പാലാ-തൊടുപുഴ ഹൈവേയിൽ പയപ്പാർ വലിയവളവിന് സമീപം ബുധനാഴ്ച രാവിലെ 8.15 നായിരുന്നു അപകടം. പാലാ ഭാഗത്തുനിന്നും കൊല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന സിന്റോയുടെ സ്‌കൂട്ടറും പാലാ പ്ലാശനാൽ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ജൂഡ് ബസുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സിന്റോയെ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. പാലായിലെ മത്സ്യവില്പനശാലയിലെ ജീവനക്കാരനായിരുന്നു സിന്റോ. പുതുതായി വാങ്ങിയ ബൈക്കിന്റെ രജിസ്‌ട്രേഷൻ ഫീസ് അടച്ചശേഷം വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം.

മാതാവ് : ലീലാമ്മ തോമസ്. സഹോദരങ്ങൾ: ബിന്ദു, സിന്ധു.