കോട്ടയം: കോട്ടയം നഗരസഭ നാഗമ്പടത്ത് സ്ഥാപിച്ച എയ്‌റോബിക് പ്ളാന്റ് കാട് പിടിച്ചിട്ട് കാലങ്ങളായി. മാലിന്യം വളമാക്കി മാറ്റാൻ പദ്ധതിയിട്ടാണ് പ്ളാന്റ് പണിതതും മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം നടത്തിയതും. എന്നാൽ ഇതുവരെ പ്ളാന്റ് പ്രവർത്തിപ്പിച്ച് തുടങ്ങിയിട്ടില്ല.
നഗരം മുഴുവൻ മാലിന്യത്താൽ ശ്വാസം മുട്ടുമ്പോഴാണ് ഉദ്ഘാടനം കഴിഞ്ഞാൽ എല്ലാമായെന്നമട്ടിൽ ആശ്വാസം കൊള്ളുന്നത്.
ജൂൺ 22നാണ് നാഗമ്പടത്ത് എയ്‌റോബിക് പ്‌ളാന്റ് തുറന്നുകൊടുത്തത്. നഗരത്തിലെ മാലിന്യം പ്‌ളാന്റിൽ നിക്ഷേപിച്ച് വളവാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നാളിതുവരെ ഒരു കുട്ട മാലിന്യം പോലും നിക്ഷേപിച്ചിട്ടില്ല. ഇതോടെ ആരും നോക്കാനില്ലാതായി. പ്‌ളാന്റും പരിസരവും കാടുകയറി. പ്‌ളാന്റിൽ മാലിന്യം നിക്ഷേപിക്കുന്നതിനുപകരം ഇപ്പോൾ മാലിന്യം മൈതാനത്ത് കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്.
നഗരത്തിലെ മാലിന്യം വേർതിരിച്ച് പ്ലാന്റിൽ നിക്ഷേപിക്കുന്നതോടെ ആപ്രശ്‌നത്തിന് പരിഹാരമാകുമെന്നായിരുന്നു നഗരസഭയുടെ അവകാശ വാദം. എന്നാൽ, മാലിന്യ വിഷയത്തിൽ നഗരസഭ പഴയ അനാസ്ഥ തന്നെ ആവർത്തിച്ചു. ഇതോടെ ലക്ഷങ്ങൾ മുടക്കി പണിത പ്‌ളാന്റ് ഉപയോഗ ശൂന്യമായി. അതേ സമയം നഗരത്തിലെ ഇടവഴികളിലെല്ലാം മാലിന്യം പെരുകുകയാണ്. ശാസ്ത്രി റോഡിൽ നിന്ന് എം.സി റോഡിലേയ്ക്കുള്ള ഇടവഴിയിൽ വൻതോതിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. എന്നിട്ടും മാലിന്യ പ്ളാന്റ് പ്രവർത്തിപ്പിക്കാൻ നഗരസഭയ്ക്ക് ഉദ്ദേശ്യമില്ല.
കാടുകയറുന്നത്
പുതിയ കാര്യമല്ല
ഇവിടെ മുമ്പ് സ്ഥാപിച്ച പ്‌ളാന്റുകളും കാടു പിടിച്ചു നശിക്കുകയായിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിലും നഗരസഭ എയ്‌റോബിക് പ്‌ളാൻറുകൾ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ സ്ഥിതിയും ഇതിൽ നിന്ന് ഭിന്നമല്ല. നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിന് പിന്നിലെ ഓടയിൽ മാലിന്യങ്ങൾ നിറഞ്ഞുനിൽക്കുന്നതുകാരണം
ഒരു മഴ പെയ്താൽ പോലും മലിനജലം റോഡിലേക്ക് ഒഴുകിപ്പരക്കും. എന്നാൽ, ഇതൊന്നും കണ്ട ഭാവം നഗരസഭയ്ക്കില്ല. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുമെന്ന പ്രഖ്യാപനവും പാഴ് വാക്കായി. മാലിന്യ വിഷയത്തിൻ നഗരസഭ കാലങ്ങളായി തുടരുന്ന അനാസ്ഥ ബുദ്ധിമുട്ടിലാകുന്നത് നാട്ടുകാരെയാണ്.