കറുകച്ചാൽ: അഗ്നിബാധയും അപകടങ്ങളും പതിവായതോടെ കറുകച്ചാൽ പ്രദേശത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നെടുംകുന്നത്തും ചമ്പക്കരയിലും അഗ്നിബാധ ഉണ്ടായി. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാലും അഗ്നിരക്ഷാസേന എത്തുന്നില്ലെന്നും ഇത് രക്ഷാ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതായും ആക്ഷപമുണ്ട്.
വിസ്തൃതമായ പ്രദേശങ്ങളായ കങ്ങഴ, നെടുംകുന്നം
എന്നിവ ഉൾപ്പെടുന്നതാണ് കറുകച്ചാൽ മേഖല. മലയോര മേഖലയായതിനാൽ വേനൽക്കാലത്ത് തീപിടുത്തവും മഴക്കാലത്ത് മരങ്ങൾ വീണുള്ള അപകടങ്ങളും പതിവാണ്. ഇത്തരം സംഭവങ്ങളുണ്ടായാൽ പാമ്പാടിയിൽ നിന്നോ, ചങ്ങനാശേരിയിൽ നിന്നോ അഗ്നിരക്ഷാസേന എത്തിവേണം രക്ഷാപ്രവർത്തനം നടത്താൻ. ഇത്രയും ദൂരം താണ്ടി അഗ്നിരക്ഷാസേന എത്തുമ്പോഴേയ്ക്കും എല്ലാം കത്തിയൊടുങ്ങിയിട്ടുണ്ടാവും. അല്ലെങ്കിൽ നാട്ടുകാർ ആദ്യഘട്ട രക്ഷാപ്രവർത്തനം പൂർത്തിയാക്കുമ്പോഴായിരിക്കും അഗ്നിരക്ഷാസേന എത്തുക. ഗതാഗതകുരുക്കോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായാൽ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സമയം വേണ്ടി വരും.
കഴിഞ്ഞ ഞായറാഴ്ച ചമ്പക്കരയിലെ കടയ്ക്ക് തീപിടിച്ച് പാതിയിലേറെ കത്തിയ ശേഷമാണ് പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയത്. തീ പൂർണമായി അണയ്ക്കുവാൻ കഴിയാതതെ വന്നതോടെ കോട്ടയത്ത് നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ഒടുവിൽ തീയണച്ചത്. കറുകച്ചാലിലോ, നെടുംകുന്നമോ കേന്ദ്രീകരിച്ച് നിലയം സ്ഥാപിച്ചാൽ രക്ഷാപ്രവർത്തനം സുഗമമാക്കാൻ കഴിയും.
ഓരോ അപകടം ഉണ്ടാകുമ്പോഴും ഈ ആവശ്യം ഉയരാറുണ്ട്. എന്നാൽ നടപടി സ്വീകരിക്കാൻ നാളിതുവരെ അധികൃതർ തയ്യാറായിട്ടില്ല. കറുകച്ചാൽ പൊലീസ് സ്റ്റേഷന് സമീപം രണ്ടര ഏക്കറോളം റവന്യൂഭൂമിയാണ് കാടുകയറി നശിക്കുന്നത്. ഈ സ്ഥലത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കാവുന്നതേയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്.