ചങ്ങനാശേരി : വനിതാവികസന കോർപ്പറേഷൻ നടപ്പാക്കുന്ന കേരളത്തിലെ ആദ്യ വനിതാവഴിയോര വിശ്രമ കേന്ദ്രത്തിന് ചങ്ങനാശേരിയിയിൽ നിർമ്മാണം തുടങ്ങി.

അമ്പത് ലക്ഷം രുപയുടെ പദ്ധതിയിലൂടെ സ്ത്രീകൾക്കായി നിരവധി സൗകര്യങ്ങളാണ് ലക്ഷ്യമിടുന്നത്. ളായിക്കാടിന് സമീപം നഗരസഭ ഇന്റർനാഷണൽ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്താണ് വഴിയോര വിശ്രമത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. മാർച്ചിന് മുമ്പായി പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ രൂപരേഖ നഗരസഭ എൻജിനീയറിംഗ് വിഭാഗം പരിശോധിക്കുകയും വനിതാവികസന കോർപ്പറേഷൻ ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനകൾ നടത്തി സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതിക്ക് വഴിതെളിഞ്ഞത്. സ്റ്റേഡിയത്തിനായി എടുത്ത സ്ഥലത്തെ 15 സെന്റിലാണ് വഴിയോരവിശ്രമകേന്ദ്രം(ഫ്രഷ് അപ്പ് സെന്റർ) സ്ഥാപിക്കുന്നത്. ഭാവിയിലെ സ്റ്റേഡിയം നിർമ്മാണം കൂടി കണക്കിലെടുത്തുള്ള വികസനമാണ് ലക്ഷ്യം വയ്ക്കന്നത്. സംസ്ഥാന വനിതാവികസന കേർപ്പറേഷനിലെ സ്ത്രീകൾ ഉൾപ്പെട്ട ജീവനക്കാർക്കാവും മേൽനോട്ടചുമതല. വനിതാവഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം വനിതാ വികസനകോർപ്പറേഷൻ ചെയർപേഴ്സൺ കെ.ഐ.സലീഖ നിർവ്വഹിച്ചു. നഗരസഭാധ്യക്ഷൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, ഉപാധ്യക്ഷ അംബികാവിജയൻ,കൃഷ്ണകുമാരി രാജശേഖരൻ,ടി.പി.അനിൽകുമാർ,അഡ്വ.പി.എ.നസീർ,എൻ.പി.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

സൗകര്യങ്ങൾ

പാർക്കിംഗ് ഏരിയ,​ ടോയലറ്റുകൾ, ശീതികരിച്ച കഫ്തീരിയ, സ്‌നാക് പാർക്ക്, അമ്മമാർക്കായി ഫീഡിംഗ്‌റൂം, നാപ്കിൻ ഇൻസിനേറ്റർ.