കോട്ടയം: ദീപിക മുൻ ചീഫ് എഡിറ്റർ ഫാ.കൊളംബിയർ സ്മാരക മാധ്യമ അവാർഡിന് കേരളകൗമുദി കൊല്ലം ബ്യൂറോചീഫ് സി.വിമൽകുമാർ അർഹനായി. 'അവയവദാനത്തിന് എന്തു പറ്റി' എന്ന ശീർഷകത്തിൽ 2018 ഫെബ്രുവരി 7 മുതൽ 12 വരെ കേരളകൗമുദി പ്രസിദ്ധീകരിച്ച പരമ്പരയ്ക്കാണ് 30,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡെന്ന് ട്രസ്റ്റ് ചെയർമാൻ കുര്യാക്കോസ് അലക്സാണ്ടർ, രവി പാലാ , ഡോ.സാബുഡി മാത്യു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.ഇതേ പരമ്പരയ്‌ക്ക് 2018 ലെ ഐ.എം.എ നമ്മുടെ ആരോഗ്യം മാദ്ധ്യമ അവാർഡ് ലഭിച്ചിരുന്നു.
2012 മുതൽ വ്യാപകമായ അവയവദാനത്തെക്കുറിച്ചും അവയവമാറ്റ ശസ്ത്രക്രിയകളെക്കുറിച്ചും വിശദമാക്കുന്ന പരമ്പരയിലൂടെ യാഥാർത്ഥ്യങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ നടത്തിയ പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
കൊല്ലം തട്ടാമല ആലുംകട പുത്തൻവീട്ടിൽ പരേതനായ കെ.ചന്ദ്രശേഖരന്റെയും ഗോമതിയുടെയും മകനാണ് വിമൽകുമാർ. 1992 മുതൽ കേരളകൗമുദി പത്രിധിപ സമിതി അംഗം. മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള കിഷോർ സ്മാരക അവാർഡ്, പുത്തൂർ മിനിമോൾ ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടറായ എസ്.അംബികയാണ് ഭാര്യ. അഖിൽ, അഭിജിത്ത് എന്നിവർ മക്കൾ.