കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 20-ാമത് ചൈതന്യ കാർഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. 20 മുതൽ 24 വരെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് മേള. 19 ന് വൈകിട്ട് 5 ന് കാർഷികവിള പ്രദർശന പവിലിയന്റെ ഉദ്ഘാടനം കളക്ടർ പി.കെ സുധീർ ബാബു നിർവഹിക്കും. 20 ന് രാവിലെ 10.15 ന് പതാക ഉയർത്തൽ. 2 ന് കാർഷികമേള ഉദ്ഘാടന സമ്മേളനം. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ അഡ്വ. സുരേഷ് കുറുപ്പ്, അഡ്വ.മോൻസ് ജോസഫ് ,അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ ദേവേന്ദ്രകുമാർ സിംഗ് എന്നിവർ തിരിതെളിയിക്കും.
21 ന് രാവിലെ 11 ന് കടുത്തുരുത്തി മേഖല കലാപരിപാടികൾ. 3 ന് പൊതുസമ്മേളന ഉദ്ഘാടനം മന്ത്രി എം.എം മണി നിർവഹിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. 22 ന് ഉച്ചയ്ക്ക് 2.30 ന് കർഷകസംഗമദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ.വി.എസ് സുനിൽ കുമാർ നിർവഹിക്കും.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ക്ഷീരകർഷക അവാർഡ് സമർപ്പണം മന്ത്രി അഡ്വ.കെ.രാജു നിർവഹിക്കും. 23 ന് ഉച്ചയ്ക്ക് 2.30 ന് പൊതുസമ്മേളന ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നിർവഹിക്കും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അദ്ധ്യക്ഷത വഹിക്കും. 24 ന് ഉച്ചയ്ക്ക് 2.30 ന് കാർഷിക മഹോത്സവ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും.
മേളയിൽ 2000 കിലോ തൂക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ പോത്തുകളുടെ പ്രദർശനം, കാസർകോട് കുള്ളൻ പശു പ്രദർശനം, അലങ്കാര മത്സ്യങ്ങളുടെ ഷോ, മെഡിക്കൽ എക്‌സിബിഷൻ, പുരാവസ്തു പ്രദർശനം, നാടൻ പച്ചമരുന്നുകളുടെ പ്രദർശനവും , കാർഷിക വിള പ്രദർശനങ്ങൾ, നാടൻ വിഭവങ്ങളുമായി തട്ടുകട, ഉല്ലാസനഗരി, തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, ഫാ. മാത്യൂസ് വലിയപുത്തൻ പുരയിൽ , സിജോ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.