വൈക്കം: അഷ്ടമി എട്ടാം ഉത്സവ ദിനമായ ഇന്ന് രാവിലെ കാലാക്കൽ വല്ല്യച്ചന്റെ ഉടവാൾ ആർഭാടപൂർവ്വം വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ട് പുറത്തേക്ക് പോകുമ്പോൾ കാലാക്കൽ ക്ഷേത്രത്തിലെ ഉടവാളുമായി ഒരാൾ അകമ്പടിക്കണ്ടാവണമെന്നാണ് ആചാരം. എട്ട്, ഒൻപത് ദിവസങ്ങളിൽ നടക്കുന്ന വടക്കുംചേരിമേൽ -തേക്കുംചേരിമേൽ എഴുന്നള്ളിപ്പുകളും ആറാട്ട് എഴുന്നള്ളിപ്പും ക്ഷേത്രത്തിന് പുറത്തേയ്ക്കാണ്. ഈ സമയം എഴുന്നള്ളിപ്പിന് കാലാക്കൽ വല്ല്യച്ചന്റെ ഉടവാൾ ഏന്തിയ ആളും ഉണ്ടാവും. കാലാക്കൽ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം വൈക്കം ദേവസ്വം അധികാരികൾ ഏറ്റുവാങ്ങുന്ന ഉടവാൾ വാദ്യമേളങ്ങളോടും താലപ്പൊലിയുമായി വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുക. വൈക്കത്തപ്പന്റെ കാവൽക്കാരനാണ് കാലാക്കൽ വല്യച്ഛൻ എന്നാണ് വിശ്വാസം.