പാലാ : അന്ത്യാളം സെന്റ് മാത്യൂസ് എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസിന്റെ ആദ്യ ദിനം. ബോർഡിൽ ചോക്ക് കൊണ്ട് ' ആ ' എന്ന അക്ഷരമെഴുതിയിട്ട് നീലകണ്ഠൻ നായർ സാർ എന്നോടൊരു ചോദ്യം. ഈ അക്ഷരത്തിന് എന്തിനോടെങ്കിലും സാമ്യം തോന്നുന്നുണ്ടോ? അക്ഷരത്തിന്റെ കുനിപ്പും വടിവും നോക്കി ഞാൻ ഉടൻ പറഞ്ഞു. 'ആനയോട് സാമ്യമുണ്ടെന്ന് ! പുഞ്ചിരിച്ച് അരികിലേക്ക് വന്ന് കൈ എന്റെ നെറുകയിൽ വച്ച് സാർ പറഞ്ഞു. 'മോനെ നീ ഒരു കവിയാകും. സാറാണ് എന്നിലെ കവിയെ ആദ്യം കണ്ടെത്തിയത്. മുന്നിൽ കൂടിയിരുന്ന കുട്ടികളെ നോക്കി പോയ കാല ഓർമ്മകൾ കോർത്തു കെട്ടുമ്പോൾ കവി ഏഴാച്ചേരി രാമചന്ദ്രന്റെ മിഴികളിൽ ഗൃഹാതുരത്വത്തിന്റെ നനവ് പടർന്നു. 'പൊതു വിദ്യാലയങ്ങൾ പ്രതിഭളോടൊത്ത് ' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ തിരുവനന്തപുരത്താണ് സ്ഥിര താമസമെങ്കിലും ഏഴാച്ചേരിയിലെ അടുത്ത ബന്ധുവീടായ മാമ്പുഴയ്ക്കൽ വീട്ടിൽ രാമചന്ദ്രൻ എത്തിയതറിഞ്ഞ് ഏഴാച്ചേരി ജി.വി യു.പി. സ്‌കൂൾ, സെന്റ് ജോൺസ് എൽ.പി സ്‌കൂൾ, ചിറ്റേട്ട് എൻ.എസ്.എസ് എൽ. പി സ്‌കൂൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് കവിയെ കാണാനെത്തിയത്. വിദ്യാർത്ഥികൾ പൂച്ചെണ്ടു നൽകിയാണ് ഏഴാച്ചേരിയെ സ്വീകരിച്ചത്. കുട്ടികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത കവി കുട്ടികൾക്ക് ഓട്ടോഗ്രാഫും നൽകി. രാമപുരം എ.ഇ.ഒ എൻ. രമാദേവി, ബി.ആർ.സി ഓഫീസർ ജി.അശോക് രാമപുരം, അദ്ധ്യാപകരായ ജലജാ വേണുഗോപാൽ, ആനിയമ്മ , റോസിലി, ജിഷ, ശ്രീനാഥ്, ഷീജ , പി.ടി.എ പ്രതിനിധി കെ.കെ. ശാന്താറാം എന്നിവർ നേതൃത്വം നൽകി.