പാലാ : കടനാട് ഗ്രാമപഞ്ചായത്തിലെ നീലൂർ ഞള്ളിക്കുന്ന് പൊട്ടപ്ലാക്കൽ റോഡ് നിർമ്മാണത്തിന്റെ മറവിൽ അരക്കോടി രൂപയുടെ കരിങ്കല്ല് കടത്തിയ സംഭവത്തിന് നേതൃത്വം കൊടുത്തത് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻ കണ്ടമാണെന്ന് മണ്ഡലം യു.ഡി.എഫ് സമിതി കുറ്റപ്പെടുത്തി. പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമര പരിപാടികൾക്ക് രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു. കരിങ്കല്ല് കടത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ ഭരണമുന്നണിയുടെ ആളെന്ന സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ ജയ്‌സൺ പുത്തൻകണ്ടം ശ്രമിക്കുകയാണ്. നിയമങ്ങൾ കാറ്റിൽ പറത്തിയുള്ളള ഈ കൊള്ളയ്‌ക്കെതിരെ ഭരണപക്ഷ അംഗങ്ങളിൽ ചിലർ പോലും രംഗത്ത് വന്നിട്ടും പ്രസിഡന്റിനെ സഹായിക്കുന്ന നിലപാടാണ് ഇടതുമുന്നണിയിലെ ചില നേതാക്കൾ സ്വീകിക്കുന്നതെന്ന് ടോം കോഴിക്കോട്ട്, ബേബി ഉറുമ്പുകാട്ട്, ആർ.സജീവ്, സണ്ണി മുണ്ടനാട്ട്, ട്രീസമ്മ തോമസ്, പൗളിറ്റ് തങ്കച്ചൻ,ലിസി സണ്ണി എന്നിവർ പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ പഞ്ചായത്ത് സമിതിയുടെ അടിയന്തിര യോഗം ചേരണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ തിങ്കളാഴ്ച പ്രസിഡന്റിന് കത്ത് നൽകും. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി, ഡി.ജി.പി, കളക്ടർ, എസ്.പി, വിജിലൻസ് മേധാവി എന്നിവർക്കും പരാതി നൽകുമെന്ന് നേതാക്കൾ പറഞ്ഞു.