കോട്ടയം: സ്കൂൾ കലോത്സവവേദിയിൽ അവഗണിക്കപ്പെട്ട് മിമിക്രിമത്സരം. കാണികളില്ലെന്നത് പോകട്ടെ, നല്ല സ്റ്റേജും അത്യാവശ്യത്തിന് ശബ്ദസംവിധാനങ്ങളും പോലും ഒരുക്കാൻ സംഘാടകർ ശ്രദ്ധിച്ചില്ല. ഇക്കാര്യം വിധികർത്താക്കളും തുറന്നുപറഞ്ഞു. ശബ്ദാനുകരണത്തിലെ മികവിനാണ് മാർക്ക്. എന്നാൽ മത്സരാർത്ഥികളുടെ പ്രകടനം വിധികർത്താക്കൾക്കുപോലും നന്നായി ഗ്രഹിക്കാനാകുമായിരുന്നില്ല. എം.ഡി. സെമിനാരി സ്കൂളിന്റെ മുകൾ നിലയിൽ പട്ടിക അഴികൊണ്ട് മറച്ച ടെറസ് ഹാളായിരുന്നു മത്സരവേദി. പുറത്തുനിന്നും അഴികൾക്കിടിയിലൂടെ അരിച്ചുകയറിയ കാറ്റ് മത്സരാർത്ഥികളുടെ ശബ്ദത്തിൽ മായം കലർത്തി.
മുമ്പ് കലോത്സവവേദികളിൽ മിമിക്രിമത്സരം കാണാൻ നിറഞ്ഞസദസ് ഉണ്ടാകുമായിരുന്നു. നന്നായി അനുകരിക്കുന്ന കലാകാരന്മാരെ കാണികൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതായിരുന്നു മിമിക്രിയുടെ ആദ്യ വിജയം. വിധി വരുമ്പോൾ പിന്നാക്കം പോയവരും മത്സത്തിനിടെ നല്ല കൈയടി കിട്ടിയതിന്റെ പേരിൽ പിന്നീട് മുന്നേറിയ ചരിത്രമുണ്ട്. അത്തരം നിരവധി പേർ സിനിമ, ടെലിവിഷൻ രംഗങ്ങളിൽ ശോഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്നത്തെ സ്കൂൾ കലോത്സവവേദികളിൽ സ്ഥിതി അതല്ല, കാണാനും കൈയടിച്ച് പ്രോത്സാഹിപ്പിക്കാനും ആരുമില്ലെന്ന് മാത്രമല്ല പേരിനൊരു മത്സരം എന്നതലത്തിലേക്ക് മിമിക്രി മാറുകയും ചെയ്തു.