പാലാ : വിശാലമായ നടപ്പാതയുണ്ട്,​ പക്ഷെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കാൽനടയാത്രക്കാർക്ക് റോഡിലേക്കിറങ്ങി നടക്കാനാണ് വിധി. നടപ്പാത കൈയേറിയുള്ള കച്ചവടവും അനധികൃത പാർക്കിംഗുമാണ് വഴിയാത്രക്കാർക്ക് വിനയാകുന്നത്. പാലാ ടൗണിന്റെ പലഭാഗങ്ങളിലും കടകളിൽ നിന്നുള്ള സാധനങ്ങൾ നടപ്പാതയിലാണ് പ്രദർശിപ്പിക്കുന്നത്. ബോർഡുകളും നടപ്പാത അടച്ച് വയ്ക്കുന്നവരുണ്ട്. രാവിലെ കടയ്ക്ക് മുൻപിൽ നടപ്പാതയിൽ നിറുത്തിയിടുന്ന വാഹനങ്ങൾ രാത്രിയിലാണ് മാറ്റുന്നത്. ചിലരാകട്ടെ തോന്നുംപടി വാഹനമിട്ടിട്ട് പോകുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. പ്രായമായവരും കുട്ടികളുമടക്കം റോഡിലേക്കിറങ്ങി നടക്കുന്നത് അപകടങ്ങൾക്കും ഇടയാക്കും.

ടൗൺഹാളിന്റെ മുൻവശം മുതൽ സ്റ്റേഡിയം കവല വരെയുള്ള ഫുട്പാത്തുകളിലാണ് ഏറെ ദുരിതം. ടൗൺഹാളിന്റെ സൈഡിലുള്ള ഫുട്പാത്ത് നടപണിത് കൈവശപ്പെടുത്തിയിരിക്കുകയാണ്. ഫുട്പാത്തുകളും റോഡുകളും മലിനമാക്കുന്ന അവസ്ഥയുമുണ്ട്. പല തവണ യാത്രക്കാർ പരാതി നല്കിയിട്ടും നടപടിയൊന്നുമുണ്ടായില്ല.

തിരക്കൊഴിഞ്ഞ നേരമില്ല

താലൂക്ക് ആസ്ഥാനമെന്ന നിലയിൽ വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.

തലങ്ങും വിലങ്ങും വാഹനങ്ങൾ കടന്നു പോകുന്ന റോഡിലൂടെ ഭീതിയോടെയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. നടപ്പാത കൈയേറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.

കടകളിൽ പാർക്കിംഗ് സൗകര്യമില്ല
നോ പാർക്കിംഗ് ബോർഡുകൾ നോക്കുകുത്തി

റോഡിലേക്കിറങ്ങി നടക്കേണ്ട ഗതികേട്

കാൽനടയാത്രക്കാരുടെ സുരക്ഷക്കായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ചിട്ടുള്ള നടപ്പാതകൾ കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെയും കച്ചവടം നടത്തുന്നവർക്കെതിരെയും നടപടിയെടുക്കണം
സുരേഷ്, കാൽനടയാത്രക്കാരൻ