കോട്ടയം : കളിചിരികളുമായി കലോത്സവവേദിയിൽ നിന്ന് ആഘോഷത്തോടെ മടങ്ങിയ കൂട്ടുകാരുടെ മരവിച്ച ശരീരം നിറകണ്ണുകളോടെയാണ് അവർ കണ്ടുനിന്നത്. പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ട കുട്ടികൾ. ഇന്നലെ രാവിലെ പുതുപ്പള്ളിയിൽ ഒത്തു കൂടിയ ശേഷമാണ് മൂന്നു പേരും കലോത്സവവേദിയിലേയ്‌ക്കു പുറപ്പെട്ടത്. രാവിലെ ഒൻപതരയോടെ കലോത്സവ വേദിയിൽ എത്തിയ ഇവർ സെൽഫിയെടുത്തും മറ്റും ആഘോഷലഹരിയിലായിരുന്നു. ഉച്ചയോടെയാണ് സിനിമാ കാണാൻ തീരുമാനിച്ചത്. ഇതിനായി നോക്കിയെങ്കിലും പോക്കറ്റിലുണ്ടായിരുന്ന പണം തികഞ്ഞില്ല. ഇതിനിടെയാണ് പൂവത്തുമൂട്ട് ചീനിക്കുഴി സ്വദേശിയായ അക്ഷയ് പൂവത്തുമൂട്ടിലെ തൂക്കുപാലത്തെപ്പറ്റി പറഞ്ഞത്. തുടർന്ന് സംഘം ഇവിടേയ്‌ക്കു തിരിക്കുകയായിരുന്നു.

രാവിലെ 11.30

പുതുപ്പള്ളിയിൽ നിന്നും എത്തിയ സംഘം നഗരത്തിലെ കലോത്സവ വേദികളിലൂടെ നടക്കുന്നു. ഇവിടെ നിന്നു സിനിമയ്‌ക്കു പോകുന്നതിനായി പദ്ധതിയിടുന്നു. പണമില്ലാത്തതിനെ തുടർന്ന് തിരുവഞ്ചൂർ പൂവത്തുമ്മൂടിന് പോകാൻ തീരുമാനിച്ചു.

ഉച്ചയ്‌ക്ക് 12.30

വിദ്യാർത്ഥി സംഘം പൂവത്തുമ്മൂട്ടിൽ എത്തി. പൈപ്പ് ലൈൻ റോഡിലൂടെ നടന്ന് കുട്ടികൾ പൂവത്തുമ്മൂട്ടിലെ ചീനിക്കുഴി മൈലപ്പള്ളിക്കടവിലെ തൂക്ക്പാലത്തിൽ എത്തി. തൂക്ക് പാലത്തിൽ ഇരുകരകളിലും എത്തിയ വിദ്യാർത്ഥി സംഘം സെൽഫി എടുത്തു. ഇതിനിടയിലാണ് അശ്വിന്റെ കാലിൽ ചെളിപറ്റിയത്.

ഉച്ചയ്‌ക്ക് 1.45

വെള്ളത്തിൽ ഇറങ്ങിയ മൂന്നു പേർ കാൽ വഴുതി വീഴുന്നു. വിദ്യാർത്ഥി സംഘത്തിന്റെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. രക്ഷിക്കാനാകുന്നില്ല. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുന്നു.

വൈകിട്ട് 3.50

വെള്ളത്തിൽ മുങ്ങി മരിച്ച ഷിബിന്റെ മൃതദേഹം കണ്ടെത്തി.

വൈകിട്ട് 4.20

മുങ്ങിമരിച്ച അലന്റെ മൃതദേഹം കണ്ടെത്തി.

വൈകിട്ട് 6.30

വെളിച്ചമില്ലാത്തതിനാൽ അഗ്നിരക്ഷാസേന തിരച്ചിൽ നിറുത്തിവച്ചു