പൊൻകുന്നം : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് നാളെ തുടക്കമാകുമ്പോൾ പ്രമുഖ ഇടത്താവളങ്ങളായ ചിറക്കടവ് മഹാദേവ ക്ഷേത്രം, കൊടുങ്ങൂർ ദേവീക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി.

ചിറക്കടവ് മഹാദേവക്ഷേത്രം

അയ്യപ്പന്മാർക്ക് ദർശനത്തിനും വിരിവയ്ക്കുന്നതിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാളെ മുതൽ 24 മണിക്കൂറും ഇൻഫർമേഷൻ കൗണ്ടർ പ്രവർത്തിക്കും. എല്ലാ ദിവസവും അന്നദാനവും ചുക്കുകാപ്പി വിതരണവുമുണ്ട്. ക്ഷേത്രക്കുളത്തിൽ ഒരേസമയം 500 പേർക്ക് കുളിക്കാം. ക്ഷേത്രത്തിൽ 300 പേർക്ക് വിശ്രമിക്കാനുള്ള സൗകര്യവും, മതിൽക്കെട്ടിന് പുറത്ത് 500 പേർക്ക് വിശ്രമിക്കാവുന്ന ഓഡിറ്റോറിയവും സജ്ജമാണ്. വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. ആവശ്യമുള്ള ഭക്തർക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് പാചകപ്പുര തുറന്നുകൊടുക്കും.

കൊടുങ്ങൂർ ദേവീക്ഷേത്രം

ഒരേസമയം 150 ലേറെ തീർത്ഥാടകർക്ക് വിരിവയ്ക്കാൻ സൗകര്യം. ഉച്ചയ്ക്കും രാത്രിയിലും അന്നദാനം. ഭക്ഷണം പാചകം ചെയ്യുന്നതിനായി പാചകപ്പുരയിലും പുറത്തും സൗകര്യങ്ങൾ. 24 മണിക്കൂറും ഗോപുരം ജംഗ്ഷനിൽ ഇൻഫർമേഷൻ സെന്റർ. രാത്രിയിൽ ചുക്കുകാപ്പിവിതരണം. ക്ഷേത്രവളപ്പിൽ വിശാലമായ പാർക്കിംഗ് സൗകര്യവും ശൗചാലയവും.


ചെറുവള്ളി ദേവീക്ഷേത്രം

നൂറിലേറെ അയ്യപ്പന്മാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യവും സദ്യാലയവും. വിശാലമായ പാർക്കിംഗ് സൗകര്യം. ചെറുവള്ളി ദേവീക്ഷേത്രം ശബരിമല ഇടത്താവളമായി രണ്ടുവർഷം മുമ്പ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇടത്താവളം എന്ന നിലയിൽ ലഭിക്കേണ്ട യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉപദേശകസമിതി ഭാരവാഹികൾ പറഞ്ഞു. മേഖലയിലെ പ്രധാനപ്പെട്ട ക്ഷേത്രം എന്ന നിലയിലും ജഡ്ജിയമ്മാവൻ കോവിലിന്റെ പ്രശസ്തിയിലും ധാരാളം തീർത്ഥാടകർ ഇവിടെയെത്താറുണ്ടെങ്കിലും സൗകര്യങ്ങൾ പരിമിതമാണ്.