എരുമേലി : മണ്ഡലകാലം ഇന്ന് ആരംഭിക്കാനിരിക്കെ എരുമേലിയിൽ പൊലീസ് എയ്ഡ് പോസ്റ്റിന്റെയും, കൺട്രോൾ റൂമിന്റെയും പ്രവർത്തനം തുടങ്ങി. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് റവന്യൂ കൺട്രോൾ റൂമും, മോട്ടോർവാഹന വകുപ്പിന്റെ സേഫ് സോൺ സബ് സെന്ററും ഇന്ന് തുടങ്ങും. കെ.എസ്.ആർ.ടി.സി സെന്ററിൽ ഇന്നലെ മുതൽ തീർത്ഥാടനകാല സർവീസ് ആരംഭിച്ചു. സർക്കാർ ആശുപത്രിയിൽ സ്‌പെഷ്യൽ ഡോക്ടർമാരും അധിക ജീവനക്കാരും ചുമതലയേറ്റു. ടൗൺ ശുചീകരണം ഇന്ന് മുതൽ തമിഴ് നാട്ടുകാരായ 125 പേരുൾപ്പെട്ട വിശുദ്ധിസേനാസംഘം ഏറ്റെടുക്കും. മാലിന്യങ്ങൾ വാരി മാറ്റാൻ ലോറി വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വലിയമ്പലം ജംഗ്ഷനിൽ പൊലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു നിർവഹിച്ചു. 24 മണിക്കൂറും ടൗൺ പൂർണമായി നിരീക്ഷിക്കുന്ന 56 കാമറകൾ ഉൾപ്പെട്ട ഹൈടെക് കൺട്രോൾ റൂമാണിത്. റവന്യൂ കൺട്രോൾ റൂം ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ആർ.ഡി.ഒ അനിൽ ഉമ്മൻ നിർവഹിക്കും. സേഫ് സോൺ സബ് സെന്ററിന്റെ ഉദ്ഘാടനം രാവിലെ 11 ന് മോട്ടോർ വാഹന വകുപ്പ് ഡെപ്യൂട്ടി കമ്മിഷണർ അജിത് കുമാർ നിർവഹിക്കും.