കോട്ടയം: ഇനി കാസർകോട് കാണാമെന്ന ഉറപ്പിൽ വിജയികൾ കൈകൊടുത്തു പിരിഞ്ഞു. നാല് ദിവസം നീണ്ട ജില്ലാകലോത്സവത്തിൽ 784 പോയിന്റോടെ ചങ്ങാനാശേരി ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. 742 പോയിന്റോടെ കോട്ടയം ഈസ്റ്റ് രണ്ടാം സ്ഥാനവും 716 പോയിന്റോടെ കുറവിലങ്ങാട് മൂന്നാം സ്ഥാനവും നേടി. സ്കൂൾ തലത്തിൽ ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളാണ് ചാമ്പ്യൻമാർ. 241 പോയിന്റ് നേടിയ ളാക്കാട്ടൂർ 232 പോയിന്റ് നേടിയ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എമ്മിനെ പിന്നിലാക്കി. 216 പോയിന്റ് നേടി കുമരകം ശ്രീകുമാര മംഗലം ഹയർസെക്കൻഡറി സ്കൂൾ മൂന്നാമതെത്തി.
യു.പി ഹൈസ്കൂൾ വിഭാഗത്തിൽ കുറവിലങ്ങാടായിരുന്നു മുന്നിലെങ്കിലും ഹയർസെക്കൻഡറി വിഭാഗത്തിൽ നേടിയ പോയിന്റുകളുടെ മേൽക്കൈയിൽ ചങ്ങനാശേരിയും കോട്ടയം ഈസ്റ്റും കുറവിലങ്ങാടിനെ മൂന്നാമതാക്കുകയായിരുന്നു. കാസർകോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ കോട്ടയം ജില്ലയുടെ യശസ് ഉയർത്താനുള്ള പോരാട്ടത്തിലാണ് ഇനി താരങ്ങൾ.