hospital

അടിമാലി: അടിമാലി താലൂക്കാശുപത്രി കൂടുതൽ മുഖം മിനുക്കാൻ ഒരുങ്ങുന്നു.താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്ക് പ്രവർത്തന സജ്ജമായതിനെ പിന്നാലെ രോഗികൾക്ക് പ്രയോജനകരമാകുന്ന തുടർ വികസനപ്രവർത്തനങ്ങൾക്കാണ് ആശുപത്രിയിൽ തുടക്കമിട്ടിട്ടുള്ളത്.ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്ന ആശുപത്രിയെന്ന നിലയിലും തോട്ടംതൊഴിലാളികളും ആദിവാസി കുടുംബങ്ങളും ആശ്രയിച്ച് വരുന്ന ആതുരാലയമെന്ന നിലയിലും കാത്ത് ലാബും ഐസിയുവുമടക്കമുള്ള നിർമ്മാണജോലികൾക്ക് ഉടൻ തന്നെ തുടക്കമിടും.പുതിയ കെട്ടിട നിർമ്മാണത്തിനായി പഴയകെട്ടിടം പൊളിച്ച നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പ്രസീത പറഞ്ഞു.ആരോഗ്യവകുപ്പിൽ നിന്നുള്ള 3.76 ലക്ഷം രൂപയാണ് പുതിയ വികസനപ്രവർത്തനങ്ങൾക്കായി വകയിരുത്തിയിരിക്കുന്നത്.2കോടി 37 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനായും 1 കോടി 39 ലക്ഷം രൂപ ആശുപത്രി ഉപകരണങ്ങൾ വാങ്ങാനും ചിലവഴിക്കും.സർക്കാർ ഏജൻസിയായ കെഎച്ച്ആർഡബ്യൂവിനാണ് നിർമ്മാണ ചുമതല.പഴയ കെട്ടിടം പൊളിച്ച് നീക്കുന്ന മുറക്ക് മണ്ണ് പരിശോധന നടത്തി പുതിയകെട്ടിടത്തിനായുള്ള നിർമ്മാണ ജോലികൾ ആരംഭിക്കും.ഒരു നിലയാവും ആദ്യം നിർമ്മിക്കുക.പിന്നീട് നവജാത ശിശുക്കൾക്കായുള്ള ഐസിയു യൂണിറ്റ്,ലേബർ റൂം തുടങ്ങി ഗൈനക്കോളജി വിഭാഗത്തിന് വേണ്ടുന്ന നൂതന സൗകര്യങ്ങൾ ഒരുക്കാൻ രണ്ട് നിലകൾ കൂടി നിർമ്മിക്കുന്ന കാര്യവും പരിഗണനയിലാണ്.

പഴയആശുപത്രി കെട്ടിടത്തിൽ ഒന്ന് പൊളിച്ച് നീക്കിയപ്പോൾ