വൈക്കം: വൈക്കത്തഷ്ടമി ഏഴാം ഉത്സവദിവസം ധീവരമഹിളാസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി വർണ്ണാഭമായി. ജില്ലാ ആസ്ഥാനത്തുനിന്നും പുറപ്പെട്ട താലപ്പൊലി ബീച്ച് റോഡ് ബോട്ട്‌ജെട്ടി വഴിപടിഞ്ഞാറെനടവഴി ക്ഷേത്രത്തിലേക്ക് നീങ്ങി. വിവിധ ശാഖകളിൽ നിന്നെത്തിയ വനിതകൾ കേരളീയ വേഷവിധാനത്തോടെയാണ് താലങ്ങൾ എടുത്തത്. വാദ്യമേളങ്ങൾ, മുത്തുക്കുടകൾ എന്നിവ ഭംഗിപകർന്നു. ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, സെക്രട്ടറി എം. കെ. രാജു, മഹിളാസഭ പ്രസിഡന്റ് സുലഭ പ്രദീപ്, സെക്രട്ടറി സൗമ്യ ഷിബു, എ. ദാമോദരൻ, ഭൈമി വിജയൻ, കെ. കെ. അശോക് കുമാർ, വി. എം. ഷാജി, കെ. എസ്. കുമാരൻ, ശ്രീജ ബിജു എന്നിവർ നേതൃത്വം നൽകി.