വൈക്കം: കർപ്പൂരദീപങ്ങൾ സാക്ഷി... ഋഷഭ വാഹനമേറി അനുഗ്രഹ വർഷം ചൊരിഞ്ഞ് ശ്രീ മഹാദേവൻ.
അഷ്ടമി ഏഴാം ഉത്സവനാളായ ഇന്നലെ രാത്രിയിലെ വിളക്കിന് ഋഷഭ വാഹനത്തിൽ എഴുന്നള്ളിയ സർവ്വാഭരണ വിഭൂഷിതനായ വൈക്കത്തപ്പനെ ദർശിച്ച് സായൂജ്യം നേടുവാൻ ക്ഷേത്രത്തിലെത്തിയത് ആയിരങ്ങൾ. രാത്രി 11.30 ഓടെ
വെള്ളിയിൽ നിർമ്മിച്ച ഋഷഭവാഹനത്തിൽ എഴുന്നള്ളിച്ച വൈക്കത്തപ്പന്റെ തിടമ്പ് തിരുവാഭരണം ചാർത്തി പട്ടുടയാടകളും കട്ടിമാലകളും അണിയിച്ച് അങ്കരിച്ചിരുന്നു.തുടർന്ന് അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലങ്ങളിലേതടക്കം 40 ഓളം മൂസതുമാർ തണ്ടിലേറ്റി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ എട്ട് ഗജവീരൻമാരും സ്വർണ്ണക്കുടയും ആലവട്ടവും വെൺചാമരവും കർപ്പൂര ദീപങ്ങളും അകമ്പടിയായി. അഞ്ച് പ്രദക്ഷിണ ആചാര പ്രകാരം നാദസ്വരം, പരുഷ വാദ്യം പഞ്ചവാദ്യം ചെണ്ടമേളം ഘട്ടിയം എന്നിങ്ങനെ അഞ്ച് തരം വാദ്യങ്ങളാണ് ഉപയോഗിച്ചത്.