palam

തലയോലപ്പറമ്പ്: പെരുവ-ചെമ്മനംകുന്ന്-കോച്ചേരിത്താഴം ബണ്ട് റോഡ് താഴ്ചയിലേക്ക് ഇടിഞ്ഞ് വീണ് അപകടാവസ്ഥയിൽ. കോട്ടയം, എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അവർമ്മ-ചെമ്മനംകുന്ന് കോച്ചേരിത്താഴം-പൊതുമരാമത്ത് വകുപ്പ് റോഡിന്റെ 30 മീറ്ററോളം ഭാഗമാണ് അപകടാവസ്ഥയിലായത്. കഴിഞ്ഞ പ്രളയത്തിലാണ് ബണ്ട് റോഡിന്റെ ഒരു വശം ഇരുപതടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. കനത്ത മഴയിൽ പ്രതലം വിണ്ടുകീറിയിരുന്നു. റോഡിന്റെ ഒരു വശം ഇടിഞ്ഞ് പോയതോടെ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം ഇതുവഴി കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങൾ ചീറിപ്പായുമ്പോൾ കാൽനടയാത്രക്കാർ ഏറെ ഭയത്തോടെയാണ് ഈ ഭാഗത്ത് കടന്ന് പോകുന്നത്. റോഡ് അപകടാവസ്ഥയിലായതോടെ പിറവത്ത് നിന്നും ഇതുവഴി സർവീസ് നടത്തിയിരുന്ന ഏക കെ.എസ്.ആർ.ടി.സി. ബസ് നാളുകളായി സർവീസ് നിറുത്തിവച്ചിരിക്കുകയാണ്. പാലാ, കോട്ടയം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് എളുപ്പമാർഗമാണിത്. എന്നാൽ ബസ് സർവീസ് നിർത്തിയത് മൂലം ഇതുവഴിയുള്ള യാത്രാക്ലേശം രൂക്ഷ. തകർന്ന ബണ്ട് റോഡ് ഭാഗം സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.