കോട്ടയം: വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ഫാക്‌ടറി (എച്ച്.എൻ.എൽ)​ സംസ്‌ഥാന സർക്കാർ ഏറ്റെടുക്കും. എച്ച്.എൻ.എല്ലിന്റെ മാതൃകമ്പനിയായ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ (എച്ച്.പി.സി)​ ലിക്വിഡേറ്ററുമായി സംസ്‌ഥാന സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.

എച്ച്.പി.സിയെ വിറ്റൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് എച്ച്.എൻ.എല്ലിനെ ഏറ്റെടുക്കാമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. മൂലധപ്രതിസന്ധി മൂലം ഒരുവർഷക്കാലമായി എച്ച്.എൻ.എല്ലിൽ പ്രവർത്തനം നിലച്ചിരിക്കുകയാണ്. സംസ്‌ഥാന സർക്കാരുമായുള്ള കരാറിലെ വ്യവസ്ഥകൾ എച്ച്.എൻ.എൽ ലംഘിച്ചതും ഏറ്റെടുക്കലിന് പിന്നിലെ കാരണമാണ്.

എച്ച്.എൻ.എല്ലിന് 1974-79 കാലയളവിലാണ് സംസ്ഥാന സർക്കാർ 700 ഏക്കറോളം ഭൂമി ലഭ്യമാക്കിയത്. പത്രക്കടലാസ് നിർമ്മാണം മാത്രമേ നടത്താവൂ എന്ന വ്യവസ്ഥയും അന്ന് മുന്നോട്ടുവച്ചു. കരാർ ലംഘിച്ചാൽ ഭൂമി തിരിച്ചുപിടിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. കരാർ പാലിക്കാൻ കമ്പനിക്ക് സാധിക്കാഞ്ഞതോടെയാണ്, ഭൂമി തിരിച്ചേറ്റെടുക്കൽ നടപടിയിലേക്ക് കടന്ന് സർക്കാർ നോട്ടീസ് നൽകിയത്.

എച്ച്.പി.സിയുടെ ലിക്വിഡേറ്റർ കുൽദീപ് വർമ്മയുമായി കൊൽക്കത്തയിൽ പൊതുമേഖലാ നവീകരണ ഓഡിറ്രിംഗ് വിഭാഗം (റിയാബ്)​ ചെയർമാൻ എൻ. ശശിധരൻ നായർ,​ എച്ച്.എൻ.എൽ മാനേജിംഗ് ഡയറക്‌ടർ ഗോപാലറാവു,​ എസ്.ബി.ഐ.,​ കനറാ ബാങ്ക് പ്രതിനിധികൾ എന്നിവരാണ് ചർച്ച നടത്തിയത്. കമ്പനിയെ സംസ്ഥാന സർക്കാരിന് കൈമാറാനായി 200 കോടി രൂപ എച്ച്.പി.സി ആവശ്യപ്പെട്ടെങ്കിലും ചർച്ചയിലൂടെ ഓഹരികൾ 25 കോടി രൂപയ്ക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.

തീരുമാനങ്ങൾ

 കമ്പനിയുടെ 100 ശതമാനം ഓഹരികളും 25 കോടി രൂപയ്ക്ക് സംസ്ഥാന സർക്കാരിന് കൈമാറും.

 വായ്പ അടക്കം എച്ച്.എൻ.എല്ലിന്റെ കടബാദ്ധ്യതയായ 430 കോടി രൂപ സംസ്ഥാന സർക്കാർ ഏറ്റെടുക്കണം.

 കമ്പനിയുടെ 692 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിന് കൈമാറും