വൈക്കം : അഷ്ടമിയുടെ പ്രധാന ചടങ്ങായ വലിയ ശ്രീബലിയും വലിയ വിളക്കും പത്താം ഉത്സവ ദിനമായ നാളെ നടക്കും. രാജകീയ പ്രൗഢി നിറഞ്ഞ എഴുന്നള്ളിപ്പിൽ 11 ഗജവീരന്മാർ അണിനിരക്കും. തിടമ്പേറ്റുന്ന ആനയ്ക്കും ഇടതുവലതു ഭാഗങ്ങളിൽ നിൽക്കുന്ന ആനകൾക്കും സ്വർണ്ണ തലേക്കെട്ടും സ്വർണ്ണക്കുടയുമുണ്ട്. വെഞ്ചാമരയും ആലവട്ടങ്ങളും, മുത്തുക്കുടകളും ഉൾപ്പടെയുള്ള അലങ്കാരങ്ങൾ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പിന് തിരുപ്പുറം കുണ്ഡ്രം കെ എ വേൽമുരുകൻ, പഴനി ജെ ശിവസ്വാമി, നങ്കൂർ ഡോ: എൻ കെ സെൽവ ഗണപതി, കാവലം ശ്രീകുമാർ എന്നിവരുടെ നാദസ്വരമേളവും, ക്ഷേത്ര കലാപീഠത്തിലെ അദ്ധ്യാപകരായ അജിത് കുമാർ, പത്മകുമാർ രഘു നാഥ്, ഉണ്ണികൃഷ്ണൻ, അനിൽകുമാർ, കിഴൂർ മധു, വൈക്കം ജയൻ എന്നിവരുടെ നേതത്വത്തിൽ പഞ്ചവാദ്യവും അകമ്പടിയാകും.