വൈക്കം: ആയൂർവേദത്തിന്റെ പൊരുൾ തേടി ഹോളിവുഡ് സുന്ദരി വൈക്കത്തെത്തി.
ഹോളിവുഡിലെ തിരക്കുള്ള നായികമാരിലൊരാളായ അബി കോർണിഷ് ആണ് ആയൂർവേദത്തെ അടുത്തറിയാൻ വല്ലകം ശ്രീകൃഷ്ണ ആയൂർവേദ ചികിത്സാകേന്ദ്രത്തിലെത്തിയത്. ശ്രീകൃഷ്ണ ആയൂർവേദ ചികിത്സാ കേന്ദ്രം എം.ഡി ഡോ.വിജിത്ത് ശശിധറിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സ്ഥാപനത്തിലും വിദേശ രാജ്യങ്ങളിലെ അനുബന്ധ സ്ഥാപനങ്ങളിലുമായി ആയൂർവേദ ചികിത്സാരംഗത്ത് നടക്കുന്ന ചുവടുവയ്പ്പുകളെക്കുറിച്ച് കേട്ടറിഞ്ഞാണ് ആയൂർവേദത്തെക്കുറിച്ച് കൂടുതലറിയാനായി താൻ ഇവിടെ എത്തിയതെന്നും വളരെ ഉയർന്ന ഒരു സംസ്കാരത്തിന്റേയും സാമൂഹ്യ ജീവിതത്തിന്റേയും നേർക്കാഴ്ചയായ അഷ്ടമിയുടെ സമയത്ത് ഇവിടെ എത്തിയത് ഭാഗ്യമാണെന്നും അവർ പറഞ്ഞു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ സംഗീതത്തിനും നൃത്തത്തിനും നൽകുന്ന പ്രാധാന്യത്തെ അബി കോർണിഷ് പ്രകീർത്തിച്ചു. തുടർന്ന് ഡോ.വിജിത്ത് ശശിധറിനൊപ്പം അവർ മഹാദേവക്ഷേത്രം സന്ദർശിച്ചു.
മുപ്പത്തിയേഴുകാരിയായ ഈ ആസ്ട്രേലിയൻ സുന്ദരി പതിമൂന്നാം വയസ്സിൽ മോഡലിംഗിലൂടെയാണ് അഭിനയ രംഗത്ത് വന്നത്. മുപ്പതിലധികം ഹോളിവുഡ് സിനിമകളിൽ നായികയായിട്ടുണ്ട്. ഗായികയും ഗാന രചയിതാവുമാണ്.