പാലാ: ജോസ് കെ മാണിയെ പിടിച്ചുകെട്ടാൻ കെ.എം. മാണി ഫൗണ്ടേഷനുമായി പാലാ നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ കളത്തിലിറങ്ങി..
ജോസ്. കെ. മാണിയുമായി തെറ്റിയ പടവൻ അടുത്തിടെ ജോസഫ് ഗ്രൂപ്പിൽ ചേർന്നിരുന്നു. ഫൗണ്ടേഷൻ കൈപ്പിടിയിൽ നിറുത്താൻ വേണ്ടപ്പെട്ടവരെ മാത്രമേ പടവൻ ഫൗണ്ടേഷൻ ഭരണ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. പാലാ നഗരസഭാ മുൻ ചെയർപേഴ്‌സണും, നിലവിൽ കൗൺസിലറുമായ പ്രൊഫ. സെലിൻ റോയി തകടിയേൽ , മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫ. കെ. എസ്. സെബാസ്റ്റ്യൻ എന്നിവരാണ് ഫൗണ്ടേഷന്റെ വൈസ് ചെയർമാൻമാർ.
കെ.എം. മാണിയുടെ സന്തത സഹചാരിയും, പേഴ്‌സണൽ സ്റ്റാഫുമായിരുന്ന സിബി മാത്യു പുത്തേട്ടാണ് ട്രഷറർ.
മാണിയുടെ മരണത്തിനു മുമ്പേ ജോസ് കെ. മാണിയുടെ അപ്രീതിക്കു പാത്രമായ സിബിയെ മാണിയുടെ മരണത്തോടെ കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്നും ഒഴിവാക്കിയിരുന്നു. ഫൗണ്ടേഷന്റെ സെക്രട്ടറി സണ്ണി തോമസ് പുതുമുഖമാണ്.
പാലാ നഗരസഭാ കൗൺസിലർമാരും പടവൻ ഗ്രൂപ്പിലെ പ്രധാനികളുമായ പി.കെ. മധു, ടോമി തറക്കുന്നേൽ, ടോണി തോട്ടത്തിൽ, ജോബി വെള്ളാപ്പാണിയിൽ എന്നിവരാണ് മറ്റ് അംഗങ്ങൾ. സ്വന്തമായി വെബ് സൈറ്റും, നവ മാദ്ധ്മ കൂട്ടായ്മയും ഉടൻ തയ്യാറാക്കുമെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ പുതിയ നഗരസഭ ചെയർപേഴ്സണായി വരാൻ പോകുന്ന മേരി ഡൊമിനിക് പടവന്റെ ഗ്രൂപ്പിൽ പെട്ട ആളാണെങ്കിലും ഫൗണ്ടേഷനിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്.
ഫൗണ്ടേഷന് രാഷ്ട്രീയമില്ലെന്ന് പറയുന്നുണ്ടെങ്കിലും, വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്, കൂട്ടാവുന്ന വരെ ചേർത്ത് പാലാ നഗരസഭയിൽ പിടി മുറുക്കുക എന്ന തന്ത്രമാണിതിന് പിന്നിൽ. ജോസ് കെ മാണിയെ വെട്ടാനുള്ള കുര്യാക്കോസ് പടവന്റെ ബുദ്ധി യാണ് ഫൗണ്ടേഷന്റെ പിറവിക്കും പിന്നിൽ.