കോട്ടയം : പൊട്ടിപ്പൊളിഞ്ഞ റെയിൽവേ സ്റ്റേഷൻ റോഡ്, പാതിവഴിയിൽ എത്തിയ റെയിൽവേ പാർക്കിംങ് പ്ലാസ, തകർന്ന് തരിപ്പണമായ ട്രാൻ.സ്റ്റാൻഡ് ....മലകയറാൻ എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരെ അക്ഷനഗരി സ്വീകരിക്കുന്നത് ഇങ്ങനെയാണ്. മണ്ഡല -മകരവിളക്ക് സീസണിന് തുടക്കമായിട്ടും ഒരുക്കങ്ങൾ എങ്ങും എത്തിയിട്ടില്ല.

കോട്ടയം ട്രാൻ.സ്റ്റാൻഡ്

ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനകവാടത്തിൽ തന്നെ വൻകുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. അകത്തേക്ക് പ്രവേശിച്ചാൽ പിന്നെ പറയുകയേ വേണ്ട. കെട്ടിടങ്ങളുടെ സ്ഥിതി അതിലേറെ ശോചനീയമാണ്. കംഫർട്ട് സ്റ്റേഷനിലെ മലിനജലം ചവിട്ടി വേണം തീർത്ഥാടകർക്ക് ബസിൽ കയറാൻ. ഈ ദുരിതങ്ങൾക്കിടയിലും സ്റ്റാൻഡിൽ വിരിവയ്‌ക്കാൻ പന്തൽ ഒരുക്കിയിട്ടുണ്ട്. പമ്പ സ്‌പെഷ്യൽ കൗണ്ടറും ക്രമീകരിച്ചു. റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി താത്കാലിക കൺട്രോൾ റൂം തുറന്നു. ഇന്നലെ രാവിലെ ചെന്നൈ മെയിലിൽ എത്തിയ ഭക്തർക്കായി എട്ടു സർവീസുകളാണ് അയച്ചത്.

കുഴികൾ ഇന്ന് നികത്തും

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കുഴികൾ പൊടികുറഞ്ഞ മെറ്റൽ മിശ്രിതം ഉപയോഗിച്ച് ഇന്ന് നികത്തും. പ്രശ്‌നങ്ങൾക്കിടയിലും തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സർവീസ് ഉണ്ടാകും.

അബ്ദുൾ നാസർ, ഡി.ടി.ഒ

പമ്പ സ്‌പെഷ്യൽ : 35 ബസുകൾ

ഇന്നലെ എത്തിയത് : 21 ബസുകൾ

ടാക്‌സികൾ നിരന്നു

അയ്യപ്പഭക്‌തർക്കായി റെയിൽവേ സ്റ്റേഷനിൽ ടാക്‌സി പ്രീപെയ്ഡ് സർവീസുകൾ ആരംഭിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്നു വിവിധ സ്ഥലങ്ങളിലേയ്‌ക്കുള്ള നിരക്കുകൾ സഹിതം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

റെയിൽവേ സ്റ്റേഷൻ റോഡിന്റെ കോലം

റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം വിട്ടിറങ്ങിയാൽ കാര്യങ്ങൾ അത്ര പന്തിയല്ല. റോഡ് ഏതാണ്ട് പൂർണമായും തകർന്നു കിടക്കുകയാണ്. വാഹനങ്ങൾക്ക് മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നം. മൂന്നു നിലകളിലായി 1.65 കോടി മുടക്കിയുള്ള പാർക്കിംഗ് പ്ലാസ നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്. കാറുകളടക്കമുള്ള വാഹനങ്ങൾ വഴിയോരത്തും റെയിൽവേ ക്വാർട്ടേഴ്‌സിന് മുന്നിലും മുള്ളൻകുഴി പാലത്തിനു സമീപവുമാണ് പാർക്ക് ചെയ്യുന്നത്. നവീകരണ പ്രവർത്തനങ്ങളും ഇനിയും പൂ‌ർത്തിയായിട്ടില്ല.