കോട്ടയം : ശബരിമല തീർത്ഥാടനത്തിന് ആവശ്യമായ സംവിധാനമൊരുക്കാതെ ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു പറയുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറയണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ചതിൽ നിന്ന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഏറ്റുമാനൂരിലെ ടോയ്‌ലെറ്റുകളിലേയ്ക്ക് പോകാൻ കഴിയാത്തവിധം വൃത്തിഹീനവും ദുർഗന്ധവുമാണ്. സർക്കാർ ആശുപത്രികളിലൊന്നും മതിയായ സംവിധാനമില്ലാത്തതിനാൽ അപകടം സംഭവിച്ചാൽ കിലോമീറ്ററുകൾ ദൂരെയുള്ള കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകണം. എരുമേലിയിൽ ശുദ്ധമായ കുടിവെള്ളമില്ല. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ സംവിധാനമില്ല.

പ്രളയത്തിൽ തകർന്ന പാലങ്ങൾ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നും ഹരി പറഞ്ഞു. എ.സി റൂമുകളിലിരുന്ന് അവലോകനം നടത്തിയാൽ യഥാർത്ഥ സ്ഥിതി മനസിലാകില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണങ്ങൾ മണ്ഡലകാലം തീർന്നാലും പൂർത്തീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.