കോട്ടയം : ഇല്ലായ്മകളും വല്ലായ്മകളുമായി ദുരിതങ്ങളുടെ ഇരുമുടിക്കെട്ടുമായി ശബരിമല മണ്ഡലമഹോത്സവത്തിന് തുടക്കമായി. റോഡ് അറ്റകുറ്റപ്പണി എങ്ങുമെത്തിയില്ല , ഇടത്താവളങ്ങളിൽ പ്രാഥമിക സൗകര്യമായില്ല, യാത്രാക്ലേശം അതിരൂക്ഷം, ആശുപത്രികളിൽ മതിയായ സൗകര്യമില്ല, ഇതിനെല്ലാം പുറമെ വിലക്കയറ്റം കൂടിയായതോടെ ശബരിമല തീർത്ഥാടനം അതി കഠിനം എന്ന അവസ്ഥയായി. തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, കടപ്പാട്ടൂർ തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിൽ പരിമിതമായ സകൗര്യങ്ങളാണുള്ളത്.

പ്രധാന ക്ഷേത്രങ്ങളിൽ നിന്ന് ദേവസ്വം ബോർഡ് വക ബസുകൾ നേരത്തേ പമ്പയ്ക്കുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളും ക്ഷേത്രമൈതാനത്തു നിന്ന് സർവീസ് ആരംഭിച്ചിരുന്നു. ദേവസ്വം ബസുകളില്ല. അധിക സർവ്വീസുകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയും ഇടത്താവളങ്ങളിൽ നിന്നില്ല. പകരം റെയിൽവേ സ്റ്റേഷനുകളിൽ നിന്നുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ജീവനക്കാരുടെ ക്ഷാമം കാരണം കാരണം അധിക സർവീസ് അവതാളത്തിലാകുമോ എന്ന സംശയമുണ്ട്. സാധാരണ പുതിയ ബസുകളാണ് സർവീസ് നടത്തുക. ഇക്കുറി പുതിയ ബസുകളില്ല. പഴയ ബസുകൾ വഴിയിൽ കിടക്കുമോ എന്നകാര്യത്തിൽ ഉറപ്പു പറയാനാവില്ലെന്ന് അധികൃതർ സമ്മതിക്കുന്നു.

ശബരിമല റോഡുകളൊന്നും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പെട്ടെന്ന് തീർത്ത റോഡുകളുടെ വശങ്ങളിൽ അരയടിവരെ കട്ടിംഗ് നിൽക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കും.

പ്രശ്നങ്ങളിവ

 പ്രളയത്തിൽ തകർന്ന പാലങ്ങൾ നന്നാക്കിയിട്ടില്ല

കാഞ്ഞിരപ്പള്ളി ജന.ആശുപത്രിയിൽ കാർഡിയോളജി ഐ.സി.യു തുറന്നിട്ടില്ല

എരുമേലിയിൽ മതിയായ കുടിവെള്ള സംവിധാനമില്ല

എരുമേലി ശാസ്താ ക്ഷേത്രത്തിന് മുന്നിലെ തോട് മലിനം

പ്രളയകാലത്തടിഞ്ഞ മണ്ണ് പൂർണമായി നീക്കിയിട്ടില്ല

പൂജാസാധനങ്ങളുടെ വിലയിലും വൻവർദ്ധന