കോട്ടയം : പാതിവഴിയിൽ പഠനം നിലച്ചവർക്കായി സാക്ഷരതാമിഷൻ നടത്തുന്ന ഏഴാംതരംതുല്യത പരീക്ഷ ജില്ലയിൽ എഴുതുന്നത് 323 പേർ. മീനച്ചിൽ സ്വദേശിയായ 16 കാരൻ ജെ.അമലും, മരങ്ങാട്ടുപിളളിയിൽ നിന്നുള്ള 73കാരി കെ.കെ. റോസമ്മയും ഇതിൽ ഉൾപ്പെടും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളാണ് പരീക്ഷയ്ക്കുള്ളത്. വിജയിക്കുന്നവർക്ക് പത്താംതരം തുല്യതാ കോഴ്‌സിന് ചേരാം. പി.എസ്.സി പരീക്ഷ, പ്രമോഷൻ, തുടർപഠനം എന്നിവയ്ക്ക് പത്താംതരം തുല്യത സർട്ടിഫിക്കറ്റ് പരിഗണിക്കും. ജില്ലയിലെ 16 സ്‌കൂളുകളിലായി നടക്കുന്ന പരീക്ഷ ഇന്ന് അവസാനിക്കും. നാലാംതരം തുല്യത പരീക്ഷയും ഇന്ന് നടക്കും. 17 സ്‌കൂളുകളിലായി 265 പേർ പരീക്ഷ എഴുതും.