പാലാ : കടനാട് പഞ്ചായത്തിലെ നീലൂർ-ഞള്ളിക്കുന്ന്-പൊട്ടൻപ്ലാവ് നിരപ്പ് റോഡ് നിർമ്മാണത്തെ സംബന്ധിച്ച് വിവാദം കൊഴുക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി യു.ഡി.എഫും എൽ.ഡി.എഫും നാട്ടുകാരും രംഗത്തെത്തി. ഇതു സംബന്ധിച്ച് യു.ഡി.എഫ് ഉയർത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌സൺ പുത്തൻകണ്ടവും കടനാട് പഞ്ചായത്ത് എൽ.ഡി.എഫ് ഭരവാഹികളും അറിയിച്ചു.
റോഡിന്റെ ആവശ്യത്തിനായി പൊട്ടിച്ച കരിങ്കല്ലുകളിൽ ഒന്നുപോലും പുറത്തുപോയിട്ടില്ലെന്നും റോഡിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്റെ ശേഷമുള്ളവ അവിടെ വശങ്ങളിൽ കൂട്ടിയിട്ടിട്ടുണെന്നും ഇത് ആർക്കും നേരിൽകണ്ട് ബോദ്ധ്യപ്പെടാവുന്നതാണെന്നും ജെയ്‌സൺ പറഞ്ഞു. യു.ഡി.എഫ് അംഗങ്ങൾ കൂടി ഉൾപ്പെട്ട നാല് ഗ്രാമസഭകളിൽ നാട്ടുകാർ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചതാണ്. അന്നൊക്കെ ഉറപ്പ് നൽകിയ യു.ഡി.എഫ് നേതാക്കളാണ് ഇപ്പോൾ റോഡ് നിർമ്മാണത്തിന് തടസം നിൽക്കുന്നത്. 112 പേർ ഒപ്പിട്ട് നൽകിയ നിവേദനത്തെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി ചർച്ചചെയ്ത് റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുള്ളതാണ്. അന്ന് പങ്കെടുത്ത യു.ഡി.എഫ് അംഗങ്ങൾ മിനിട്ട്‌സ് ഒപ്പിട്ട് നൽകിയത് ഉയർത്തിക്കാട്ടി പ്രതിപക്ഷം ഇത് അറിഞ്ഞില്ലെന്ന വാദം പൊള്ളയാണെന്നും പ്രസിഡന്റ് പറഞ്ഞു.
റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന്
ഇതേ സമയം വിവാദങ്ങൾ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നതാണ് ആവശ്യമെന്നും പ്രദേശവാസികൾ ഉൾപ്പെടുന്ന ഞള്ളിക്കുന്ന് റോഡ് വികസന സമിതി ആവശ്യപ്പെട്ടു. ആറ് വർഷത്തോളമായി പണി മുടങ്ങിക്കിടക്കുന്ന റോഡിൽ കാൽനടയാത്ര പോലും ദുഷ്‌കരമാണ്. വഴിപണിയുമായി ബന്ധപ്പെട്ട് നീക്കിയിട്ടുള്ള കല്ലും മണ്ണും ഉപയോഗത്തിന് ശേഷമുള്ളത് പ്രദേശങ്ങളിൽ കൂട്ടിയിട്ടിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങളാൽ പഞ്ചായത്തംഗങ്ങൾ തമ്മിലുള്ള വ്യക്തിവിരോധമാണ് പണി മുടങ്ങുന്നത് കാരണം. റോഡ് പണിയുടെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും സമിതി അംഗങ്ങൾ പറയുന്നു.
നിർമ്മാണത്തിനിടെ കഴിഞ്ഞ ജൂലൈയിൽ പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ച് പ്രദേശത്ത് കല്ലുകൾ ഉണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ മാത്രമേ പാറപൊട്ടിക്കാവൂ എന്നും അറിയിച്ചതിനെ തുടർന്നാണ് നിർമ്മാണം നിർത്തിവെച്ചത്. ഇക്കാലയളവിലൊന്നും യാതൊരു ആരോപണവും ഉയർത്താത്ത പ്രതിപക്ഷം ഇപ്പോൾ കാണിക്കുന്നത് ആസന്നമായ തിരഞ്ഞെടുപ്പിനു വേണ്ടിയാണ് -- ജെയ്‌സൺ ജെയ്‌സൺ പുത്തൻകണ്ടം, പഞ്ചായത്ത് പ്രസിഡന്റ്