കോട്ടയം: വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതായി ആരോപിച്ച് നഗരസഭ സെക്രട്ടറിയെ മാറ്റാൻ കൗൺസിൽ പ്രമേയം പാസാക്കി. കൗൺസിൽ പ്രമേയം പാസാക്കിയ ശേഷം ഇതു സംബന്ധിച്ചു സർക്കാരിന് കത്തും നൽകി. നഗരസഭ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫിയെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ടാണ് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് കൗൺസിൽ യോഗം പ്രമേയം പാസാക്കിയത്. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കായുള്ള ഫണ്ടുകൾ ഒന്നും സെക്രട്ടറി പാസാക്കുന്നില്ലെന്നും, വികസന പ്രവർത്തനങ്ങളുടെ ഫയലുകൾ വെച്ചു താമസിപ്പിക്കുകയാണെന്നുമാണ് പ്രധാന പരാതി. ഇത് കൂടാതെ സെക്രട്ടറിയ്‌ക്കെതിരെ അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു.
മാർച്ചിൽ നാഗമ്പടത്തെ നഗരസഭ പാർക്കിന്റെ നവീകരണത്തിനായി മണ്ണെടുക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിനുള്ള അനുമതി പത്രത്തിനായി സെക്രട്ടറിയെ സമീപിച്ചപ്പോൾ ജിയോളജി വിഭാഗത്തിന്റെ അനുമതി വേണമെന്ന് നിർദേശിച്ചു. സെക്രട്ടറി ഫയലിൽ അനുമതിയില്ലെന്ന് ഏഴുതിയതിനാൽ ഒൻപത് മാസമാണ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകിയത്.
ഇതിനിടെ നഗരസഭയുടെ ആംബുലൻസും, മാലിന്യം തള്ളുന്ന വാഹനങ്ങളും അടക്കമുള്ളവ അറ്റകുറ്റപണികൾക്കായി വർക്ക്ഷോപ്പിലാണ്. ഈ വാഹനങ്ങൾ അറ്റകുറ്റപണിയ്‌ക്കു ശേഷം തിരികെ ഇറക്കണമെങ്കിൽ സെക്രട്ടറി പണം അനുവദിക്കണം. എന്നാൽ, സെക്രട്ടറി ഫയൽ വൈകിപ്പിക്കുന്നതു മൂലം അറ്റകുറ്റപണികൾ വൈകുകയാണെന്നാണ് പരാതി. ഇതും സെക്രട്ടറിയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാക്കി.
നഗരസഭയിലെ അഴിമതി:
പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
നഗരസഭയിൽ വൻ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ നഗരസഭ കൗൺസിൽ ഹാൾ ഉപരോധിച്ചു. കൗൺസിൽ ഹാളിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ തടയാൻ പൊലീസ് ഏറെ വൈകിയാണ് എത്തിയത്. സെക്രട്ടറി പൊലീസിനെ വിളിക്കാൻ തയ്യാറാകാതിരുന്നതോടെ, നഗരസഭ അദ്ധ്യക്ഷ തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു നീക്കിയത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനമായി എത്തിയത്. തുടർന്ന് നഗരസഭ ഓഫിസ് ഉപരോധിക്കുകയായിരുന്നു. വൈസ് ചെയർപേഴ്‌സണിന്റെ ചിട്ടി ഇടപാടുകൾ അന്വേഷിക്കുക, നഗരസഭ അംഗം ജാൻസി ജേക്കബ് വീടിനു സമീപത്ത് നഗരസഭ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിച്ചത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.ആർ അജയ് യോഗം ഉദ്ഘാടനം ചെയ്‌തു. നഗരസഭ പ്രതിപക്ഷ നേതാവ് സി.എൻ സത്യനേശൻ, കെ.കെ ശ്രീമോൻ, ബ്ലോക്ക് സെക്രട്ടറി കെ.കെ രഞ്ജിത്ത്, ജോബി ജോൺസൺ എന്നിവർ സമരത്തിൽ പങ്കെടുത്തു.