കോട്ടയം: പാത ഇരട്ടിപ്പിക്കലിന് റെയിൽവേ സ്ഥലം ഏറ്റെടുത്ത വകയിൽ കോട്ടയം നഗരസഭയ്ക്ക് കോടികളുടെ നഷ്ടം. റെയിൽവേ ഏറ്റെടുത്ത ഭൂമിയുടെ കൈവശാവകാശം തെളിയിക്കാൻ മതിയായ രേഖകളില്ലാത്തതും, രേഖയുള്ള ഭൂമി നേരത്തെതന്നെ സ്വകാര്യവ്യക്തികൾക്ക് പതിച്ചുകൊടുത്തതുമാണ് നഗരസഭയുടെ നഷ്ടം.

അതേസമയം നഷ്ടപരിഹാരത്തുക കൈമാറാത്തതിനാൽ ഏറ്റെടുത്ത ഭൂമിയിൽ ഒന്നുംചെയ്യാനാവാതെ റെയിൽവേയും, നിർമ്മാണങ്ങൾ നടക്കാത്തതിനാൽ റോഡ് വികസനം തടസപ്പെട്ട് പ്രദേശവാസികളായ 200ൽ അധികം കുടുംബക്കാരും പ്രതിസന്ധിയിലായി. നാഗമ്പടത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ നിശാസദനത്തിന്റെ 35 സെന്റ് സ്ഥലവും, കമ്മ്യൂണിറ്റി ഹാൾ സ്ഥിതി ചെയ്യുന്ന നാല് സെന്റോളം സ്ഥലവും റെയിൽവേ ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരമായി ലഭിക്കേണ്ട കോടികൾ ഇതുവരെ കൈമാറിയിട്ടില്ല. പണം കിട്ടണമെങ്കിൽ സ്ഥലത്തിന്റെ ഉടമസ്ഥാവാകാശം തെളിയിക്കണമെങ്കിലും ഇതിനുവേണ്ട രേഖകൾ നഗരസഭയുടെ പക്കലില്ല. റവന്യൂവകുപ്പിൽ നിന്ന് പകർപ്പ് എടുത്തുനൽകി പണം കൈപ്പറ്റാനാുള്ള ശ്രമത്തിലാണ് അധികൃതർ.

ഇതേസ്ഥലത്ത് സ്വകാര്യവ്യക്തികളിൽ നിന്ന് സെന്റിന് 12 ലക്ഷംരൂപ നിരക്കിലാണ് റെയിൽവേ ഭൂമി ഏറ്റെടുത്തത്. എന്നിട്ടും വച്ചുനീട്ടുന്ന കോടികൾപോലും കൈപ്പറ്റാനാവാതെ നേട്ടോട്ടമോടുകയാണ് നഗരസഭ. രേഖകൾ ഭദ്രമായി സൂക്ഷിക്കാനാകാത്തത് കടുത്ത കൃത്യവിലോപമാണെന്ന ആക്ഷേപം ശക്തമാണ്.

 നഷ്ടങ്ങൾ തീരുന്നില്ല...

മുട്ടമ്പലത്ത് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് സൗജന്യമായി താമസിക്കാൻ വർഷങ്ങൾക്ക് മുമ്പ് നിർമിച്ചുനൽകിയ ക്വാർട്ടേഴ്സുകൾ പിന്നീട് അവർക്കുതന്നെ പതിച്ചുകൊടുത്തതും നഗരസഭക്ക് നഷ്ടമുണ്ടാക്കി. ക്വാർട്ടേഴ്സുകൾ ഇരുന്ന സ്ഥലം റെയിൽവേ ഏറ്റെടുത്തപ്പോൾ പണം ലഭിച്ചത് അവിടുത്തെ താമസക്കാർക്കാണ്. 22 ക്വാർട്ടേഴ്സുകളാണ് ഇവിടെയുണ്ടായിരുന്നത്. ഓരോ കൈവശക്കാരനും 20 ലക്ഷത്തിൽപ്പരം രൂപ നഷ്ടപരിഹാരമായി ലഭിച്ചതായാണ് വിവരം. ക്വാർട്ടേഴ്സുകൾ താമസക്കാർക്ക് പതിച്ചുകൊടുത്തില്ലായിരുന്നുവെങ്കിൽ ഈ തുകയും നഗരസഭയുടെ അക്കൗണ്ടിൽ എത്തുമായിരുന്നു. റെയിൽവേ ഏറ്റെടുക്കുന്ന സമയത്ത് പലക്വാർട്ടേഴ്സുകളിലും താമസക്കാർ ഇല്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. കക്ഷത്തിലുള്ളതും പോയിട്ടും ഉത്തരത്തിലേത് എടുക്കാനാകാത്ത ഗതികേടിലാണ് നഗരസഭ.

 നഗരസഭയുടെ കെടുകാര്യസ്ഥത

2002-2003ൽ രാജ്യസഭാംഗമായിരുന്ന ജെ. ചിത്തരഞ്ജന്റെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 5 ലക്ഷംരൂപ ചെലവഴിച്ച് നിർമിച്ച സാംസ്കാരിക നിലയമാണ് ഇപ്പോൾ റെയിൽവേ ഏറ്റെടുത്ത വസ്തുക്കളിൽ ഒന്ന്. ഒരു സ്വകാര്യവ്യക്തി കൈയ്യേറിവച്ചിരുന്ന നഗരസഭയുടെ സ്ഥലം വീണ്ടെടുത്താണ് സാംസ്കാരികനിലയം നിർമിച്ചത്. പിന്നീട് നാഗമ്പടത്തെ നിശാസദനം പൊളിച്ചുകളഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന അംഗൻവാടിയുടെ പ്രവർത്തനം സാംസ്കാരിക നിലയത്തിലേക്ക് മാറ്റി. ഇപ്പോൾ ഇത് റെയിൽവേ ഏറ്റെടുക്കുമ്പോൾ അഗൻവാടിയ്ക്കും ഇടം കണ്ടെത്തേണ്ടിവരും. നിശാസദനം സ്ഥിതിചെയ്തിരുന്ന 50 സെന്റ് സ്ഥലത്തിന്റെയും സ്വകാര്യവ്യക്തിയിൽ നിന്ന് സാംസ്കാരിക നിലയത്തിനുവേണ്ടി തിരിച്ചുപിടിച്ച വസ്തുവിന്റെയും രേഖകൾ നഗരസഭയുടെ പക്കൽ ഇല്ലാത്തത് ഗുരുതരമായ കൃത്യവിലോപമാണ്.

:- അഡ്വ. ജിതേഷ് ബാബു, മുൻ നഗരസഭ കൗൺസിലർ

ഏകദേശനഷ്ടം

 നാഗമ്പടത്ത് ഭൂമി ഏറ്റെടുക്കലിൽ ലഭിക്കേണ്ടത്, ഉദ്ദേശം :₹ 4.80 കോടി

 മുട്ടമ്പലത്ത് ഭൂമി പതിച്ചുകൊടുത്തവകയിൽ നഷ്ടം : ₹ 4.40 കോടി