അച്ഛനമ്മമാരെ തോരാത്ത കണ്ണീരിലാഴ്ത്തി വിദ്യാർത്ഥികളായ മക്കൾ വെള്ളത്തിൽ മുങ്ങി മരിക്കുന്നതും വാഹനാപകടങ്ങളിൽ പെടുന്നതും തുടർക്കഥയാകുന്നതിന് ഒരു അറുതിയില്ലേ എന്ന് ചോദിക്കുകയാണ് ചുറ്റുവട്ടം?
കഴിഞ്ഞ ദിവസവും മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ വെള്ളത്തിൽ മുങ്ങി മരിച്ചു. സ്കൂൾ യുവജനോത്സവത്തിന് പോകുന്നുവെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് ഇറങ്ങുന്ന കുട്ടികൾ പിന്നീട് വെള്ളത്തിൽ മുങ്ങി മരിച്ചത് അറിയുമ്പോൾ എങ്ങനെ വിശ്വസിക്കും. അച്ഛനമ്മമാരുടെ കണ്ണീര് എങ്ങനെ ഉണങ്ങും?
വീട്ടുകാർ അറിയാതെ ഇരു ചക്രവാഹനം ഓടിച്ചോ വാഹനത്തിന് പിറകിലിരുന്നോ വിദ്യാർത്ഥികൾ നിരന്തരം അപകടത്തിൽ പെടുന്നത് അവർത്തിച്ചാലും ആരും പഠിക്കുന്നില്ല. നീന്താനറിയില്ലെങ്കിലും വെള്ളത്തിൽ ഇറങ്ങി അപകടത്തിൽ പെടും. ഇരു ചക്ര വാഹനമോടിക്കാൻ അറിയില്ലെങ്കിൽ ഹെൽമെറ്റില്ലാതെ പറപ്പിക്കുന്ന കൂട്ടുകാരന്റെ പിറകിലിരുന്നു അപകടത്തിൽ പെടും. ഇതൊക്കെ ക്ഷണിച്ചു വരുത്തുന്ന അപകടങ്ങളാണ് .
ആറും തോടും കുളങ്ങളുമെല്ലാം സമൃദ്ധമായിരുന്നതിനാൽ പണ്ട് കുട്ടികളെല്ലാം നീന്തൽ പഠിച്ചിരുന്നു. ഇന്ന് പുഴകളും ആറുകളും മാലിന്യ വാഹികളായതിനാൽ ആരും ഇവിടെ ഇറങ്ങി കുളിക്കാറില്ല. ഹോട്ടലുകളിലെയും ക്ലബ്ബുകളിലെയും നീന്തൽ കുളത്തിൽ വൻ തുക ഫീസ് നൽകാൻ പാങ്ങില്ലാത്തതിനാൽ സാധാരണക്കാരുടെ കുട്ടികളാരും നീന്തൽ പഠിക്കാറില്ല . നീന്താൻ അറിയാത്തവരെല്ലാം വീണ്ടു വിചാരമില്ലാതെ വെള്ളത്തിലിറങ്ങി അപകടം സ്വയം ക്ഷണിച്ചു വരുത്തും.
മണൽ വാരിയെടുത്ത് പുഴകളും തോടുകളും വലിയ കയങ്ങളായി . വെള്ളപ്പൊക്കം കൊണ്ടു വന്ന ചെളിയടിഞ്ഞ് ചെളിക്കുണ്ടായി. കുളിക്കടവുകൾ ഉപയോഗിക്കാത്തതിനാൽ പടികൾ പൊട്ടിപ്പൊളിഞ്ഞു തകർന്നു കിടക്കുകയാണ് .പടിയുണ്ടെന്ന് വിചാരിച്ച് വെള്ളത്തിലിറങ്ങുന്നവർ കുഴിക്കുള്ളിൽ വീണ് അപകടത്തിൽ പെടുന്നു. അപകട മേഖല എന്ന് ബോർഡ് വെച്ചാലും വകവെക്കാതെ ചാകാൻ വേണ്ടിയെന്നപോലെ ഇറങ്ങുന്നവരാണ് മിക്ക കുട്ടികളും. നീന്തൽ അറിയാത്ത ഒരാൾ വെള്ളത്തിൽ വീണാൽ നീന്താൻ അറിയുന്ന ആൾ വേണം രക്ഷിക്കാനിറങ്ങാൻ . കൂട്ടുകാരൻ കാൽവഴുതി വീണാൽ നീന്താനറിയാത്ത കൂട്ടുകാരൻ വെള്ളത്തിൽ ചാടി രക്ഷിക്കാനിറങ്ങിയാൽ എങ്ങനെ രക്ഷപ്പെടും?കൂടുതൽ കുട്ടികൾ നിത്യേന മരിക്കുന്നതും ഇങ്ങനെയാണ്.
നീന്തൽ പഠനം കായിക പാഠ്യ പദ്ധതിയിൽ നിർബന്ധമായി പെടുത്തിയാൽ ഇന്നത്തെ ദുരന്തങ്ങൾ കുറയ്ക്കാൻ കഴിയും. ഇതിന് വിദ്യാഭ്യാസ വകുപ്പാണ് മുൻകൈയെടുക്കേണ്ടത്. മുന്തിയ സ്കൂളിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം ലഭിക്കാറുണ്ട്. സാധാരണ കുട്ടികളുടെ കാര്യമാണ് കഷ്ടം. അപകടത്തിൽ കൂടുതൽ പെടുന്നതും അവരാണ്.
വീട്ടുകാർ സ്കൂളുകളിലേക്കെന്ന് പറഞ്ഞ് അയയ്ക്കുന്ന കുട്ടികൾ സ്കൂളിലെത്താതെ കൂട്ടം ചേർന്ന് അപകട മേഖലകളിൽ എത്തുന്നു. പലരും മദ്യത്തിനടിപ്പെടുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നു. സെൽഫിയെടുക്കാൻ മൊബൈലുമായി അപകട മേഖലകളിൽ ഇറങ്ങുന്നു . ഇതൊന്നും മൊബൈൽ മേടിച്ചു കൊടുത്ത വീട്ടുകാരോ കുട്ടികളെ ശ്രദ്ധിക്കേണ്ട സ്കൂൾ അധികൃതരോ അറിയുന്നില്ല. ഞങ്ങളെന്തു ചെയ്യാനാണെന്ന് ചോദിച്ച് കൈ മലർത്താനേ ബന്ധപ്പെട്ടവർക്ക് കഴിയുന്നുള്ളൂ. ഇതിന് മാറ്റം വരണം . കുട്ടികൾ സ്കൂളിലെത്തുന്നുവെന്ന് അദ്ധ്യാപകരും രക്ഷകർത്താക്കളും ഉറപ്പു വരുത്തണം .
ക്ലാസിൽ കയറാതെ തീയറ്ററിലും മറ്റും പോകുന്ന കുട്ടികളെ കണ്ടെത്താൻ ഓപ്പറേഷൻ ഗുരുകുലം എന്ന പേരിൽ പൊലീസ് കോട്ടയത്താരംഭിച്ച സംവിധാനം ഏറെ ഫലപ്രദമായിരുന്നു. പിടിക്കപ്പെടുമെന്നതിനാൽ വിദ്യാർത്ഥികൾ അച്ചടക്കത്തോടെ സ്തൂളിൽ എത്തിയിരുന്നു. സ്റ്റുഡന്റ് പൊലീസും വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കം ഉണ്ടാക്കിയിരുന്നു. ഇതെല്ലാം ഇന്ന് വഴിപാടായ് തുടരുകയാണ്. വിദ്യാർത്ഥികളെ തോന്നുന്നത് ചെയ്യാൻ വിടുന്ന ഇപ്പോഴത്തെ ഏർപ്പാടിന് മാറ്റം ഉണ്ടായേ പറ്റൂ. അല്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും!..കണ്ണീർ ഒരിക്കലും തോരില്ല...