എരുമേലി : ശബരിമല തീർത്ഥാടനം മുൻനിറുത്തി എരുമേലിയിൽ കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ പി കെ സുധീർ ബാബു. ഇന്നലെ എരുമേലിയിൽ റവന്യൂ കൺട്രോൾ റൂം ഉത്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം പൂർണമാക്കി നടപ്പിലാക്കാൻ കളക്ടർ നിർദേശം നൽകി. തീർത്ഥാടന കാലത്ത് എരുമേലിയിൽ നേരിട്ട് പരിശോധന നടത്താൻ താൻ എത്തുമെന്ന് കളക്ടർ പറഞ്ഞു. ശൗചാലയങ്ങളിൽ മലിനീകരണ സംവിധാനം ഇല്ലെങ്കിൽ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് കളക്ടർ റവന്യൂ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കാഞ്ഞിരപ്പള്ളി തഹസിൽദാർ അജിത്കുമാർ, ഡെപ്യൂട്ടി തഹസിൽദാർ പി എസ് സുനിൽകുമാർ, എരുമേലി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ, വില്ലേജ് ഓഫീസർ പ്രസാദ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.