കോട്ടയം: 'ആരോഗ്യമുള്ള യുവത്വത്തിന് ആരോഗ്യമുള്ള മനസ്' എന്ന സന്ദേശവുമായി എസ്.എൻ.ഡി.പി യോഗം യൂത്തുമൂവ്മെന്റ് കോട്ടയം യൂണിയൻ സംഘടിപ്പിക്കുന്ന രണ്ടാമത് ക്രിക്കറ്റ് ലീഗ് മത്സരം ഇന്ന് സമാപിക്കും. കോട്ടയം നെഹ്രുസ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ച മത്സരത്തിൽ 30 ടീമുകളാണ് പങ്കെടുക്കുന്നത്. ലഹരിക്ക് അടിമപ്പെട്ട് വഴിതെറ്റിപ്പോകുന്ന യുവത്വത്തെ അതിൽനിന്ന് പിന്തിരിപ്പിച്ച് നാടിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യമെന്ന് സംഘാടകർ അവകാശപ്പെട്ടു. ഈ മത്സരത്തിനിടെ നെഹ്രുസ്റ്റേഡിയത്തിലെ പിച്ചിൽ നിന്ന് ഉയരുന്ന ഓരോ സിക്സറും മയക്കുമരുന്നിനെതിരെ ശത്മായ പ്രഹരശേഷിയുള്ള മിസൈലുകളായിരിക്കുമെന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു പറഞ്ഞു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുമോദിന് ബാറ്റ് കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. സമാപന ദിവസമായ ഇന്ന് ഫൈനലിന് മുമ്പ് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ഭാരവാഹികളും യൂത്തുമൂവ്മെന്റ് ഭാരവാഹികളും തമ്മിലുള്ള സൗഹൃദമത്സരവും അരങ്ങേറും. ഫൈനലിൽ വിജയികളാകുന്ന ടീമിന് കിരൺമധു മെമ്മോറിയൽ എവർറോളിംഗ് ട്രോഫി സമ്മാനിക്കും.