വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വൈക്കം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വെച്ചൂർ ഭാഗത്തുനിന്നു എറണാകുളം, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ തോട്ടുവക്കം (നടുവിലെപാലം), തെക്കേനട റോഡിലൂടെ തെക്കേഗോപുരത്തു നിന്നു വലത്തോട്ടു തിരിഞ്ഞ് ദളവാക്കുളം ബസ് സ്റ്റാൻഡ്, ലിങ്ക് റോഡ് വഴി വൈക്കം തലയോലപ്പറമ്പ് റോഡിൽ പ്രവേശിക്കണം.
കോട്ടയം, എറണാകുളം ഭാഗങ്ങളിൽ നിന്ന് വൈക്കത്തേക്ക് വരുന്ന സർവീസ് ബസുകൾ വലിയകവല, കൊച്ചു കവല വഴി സ്റ്റാൻഡുകളിൽ എത്തി അതേ റൂട്ടിൽ തന്നെ തിരികെ പോകണം.
പാർക്കിംഗ് നിരോധിച്ചു
തെക്കേനട ഭാഗത്ത് ബോയ്‌സ് ഹൈസ്‌കൂൾ മുതൽ തെക്കേനട വരെയും, തെക്കേനട ദളവാക്കുളം റോഡിന്റെയും ഇരുവശങ്ങളിലും വാഹന പാർക്കിംഗ് പൂർണമായി നിരോധിച്ചു. വൈപ്പിൻപടി – വലിയകവല റോഡ്, ചാലപ്പറമ്പ് – വലിയകവല റോഡ്, തോട്ടുവക്കം – കച്ചേരിക്കവല റോഡ്, കച്ചേരിക്കവല – കൊച്ചുകവല റോഡ്, വലിയകവല – വടക്കേനട റോഡ്, കൊച്ചാലുംചുവട് – കൊച്ചുകവല റോഡ് എന്നിവിടങ്ങളിൽ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചു.
പ്രത്യേകം സജ്ജമാക്കിയിട്ടുള്ള പാർക്കിംഗ് മൈതാനങ്ങളല്ലാതെ നഗരത്തിൽ പൊതുസ്ഥലത്ത് വാഹന പാർക്കിംഗ് അനുവദിക്കില്ലെന്നും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും എ.എസ്.പി അരവിന്ദ് സുകുമാർ അറിയിച്ചു.