പാലാ : ശബരിമല പ്രധാന ഇടത്താവളമായ കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്ക് 'തത്വമസി' സൗജന്യ അന്നദാന പദ്ധതിക്ക് തുടക്കമായി. ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ മേൽശാന്തി പത്മനാഭൻ പോറ്റി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഭാരവാഹികളായ എസ്.ഡി.സുരേന്ദ്രൻ നായർ, വി.ഗോപിനാഥൻ നായർ, സി.എസ്.സിജു, കെ.ആർ.ബാബു, ശ്രീധരൻ കർത്ത, കെ.ആർ.രവി, സി.ആർ മോഹനൻ എന്നിവർ പങ്കെടുത്തു. രാവിലെ 9 മുതലും വൈകിട്ട് 7 മുതലുമാണ് അന്നദാനം. ക്ഷേത്രസന്നിധിയിൽ ആയുർവേദ-ഹോമിയോ-അലോപ്പതി വൈദ്യ വിഭാഗങ്ങളുടെ സൗജന്യ സേവനം തുടങ്ങി. ആംബുലൻസ്, പൊലീസ് സേവനങ്ങളും ക്ഷേത്രസന്നിധിയിൽ 24 മണിക്കൂറും സജ്ജമായി. വിരിവയ്ക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനും കുളിക്കുന്നതിനും വിപുലമായ സൗകര്യമുണ്ട്.