old

കോട്ടയം: മഴയിൽ വീടിനുമുകളിൽ വീണ കൂറ്റൻമരം മുറിച്ചുമാറ്റാൻ സഹായം തേടിയെത്തിയപ്പോൾ വണ്ടി വിളിച്ചുകൊണ്ടുവരാൻ പറഞ്ഞ് വില്ലേജ് ഓഫീസർ മടക്കി അയച്ചതിന്റെ പേരിൽ വിവാദനായകനായ ഗോപാലകൃഷ്ണന് ഇനി പുതിയ വീട്ടിൽ തലചായ്ക്കാം. കഴിഞ്ഞ ആഗസ്റ്റ് 14 നാണ് ഗോപാലകൃഷ്ണന്റെ വീടിന് മുകളിൽ മരം കടപുഴകിവീണത്. അധികൃതർ വന്നുകാണാതെ മരം മുറിച്ചാൽ നഷ്ടപരിഹാരം കിട്ടില്ല. അതുകൊണ്ടാണ് മേൽക്കൂര തകർന്നവീട്ടിൽ കുടയുംചൂടി ദിവസങ്ങളോളം കാത്തിരുന്നു. ആരും തിരിഞ്ഞുനോക്കാതായപ്പോൾ 21ന് പരാതിയുമായി പത്രം ഓഫീസിലെത്തി. അടുത്തദിവസം കേരള കൗമുദിയിൽ വാർത്തവന്നതോടെ സംഭവം വിവാദമായി. വില്ലേജ് ഓഫീസർ സ്വന്തമായി വണ്ടിവിളിച്ച് ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി, അടുത്തദിവസം കോട്ടയത്തുനിന്ന് പൊലീസും അഗ്നിസുരക്ഷ ഉദ്യോഗസ്ഥരുമെത്തി മരം മുറിച്ചുമാറ്റുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും വീട് ഒരുപരുവത്തിലായിരുന്നു. വാസയോഗ്യമല്ലാത്ത വീട്ടിൽ നിന്ന് ഏകമകളെയും കൂട്ടി ആദ്യം ബന്ധുവീട്ടിലേക്കും പിന്നീട് വാടക വീട്ടിലേക്കും ഗോപാലകൃഷ്ണൻ താമസം മാറി.

പിന്നീട് ഗോപാലകൃഷ്ണൻ പുതുപ്പള്ളിയിൽ ചെന്ന് ഉമ്മൻചാണ്ടിയോടും സങ്കടം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരം പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ പ്രശ്നത്തിൽ ഇടപെട്ടു. കങ്ങഴ കേന്ദ്രമായി പ്രവർത്തിക്കുന്ന വലിയകളത്തിൽ റോക്ക് ക്രഷർ യൂണിറ്റ് ഉടമകളുടെ സാമൂഹ്യസേവന വിഭാഗമായ വി.സി.എം. സി.എസ്.ആർ പ്രോജക്ട് ഗോപാലകൃഷന്റെ വീട് പുതുക്കിപ്പണിയാൻ സന്നദ്ധരായി. ജോലികൾ അതിവേഗം പൂർത്തിയാക്കി. ഇപ്പോൾ കണ്ടാൽ പഴയവീട് പുതുക്കിപ്പണിതതാണെന്ന് തോന്നില്ല. എല്ലാം നവീകരിച്ചു. നല്ലൊരു കൊച്ചുവീട് ഗോപാലകൃഷ്ണന് സ്വന്തമായി.

കഴിഞ്ഞ ദിവസം രാവിലെ 10.20 ന് ഉമ്മൻചാണ്ടി എം.എൽ.എ പാമ്പാടിയിലെത്തി വീടിന്റെ താക്കോൽ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ പാമ്പാടി, വാർഡ് മെമ്പർ ഷേർളി തെര്യൻ, വി.സി.എം. സി.എസ്.ആർ പ്രോജക്ട് മാനേജർ ബിജു തുടങ്ങിയ പൊതുപ്രവർത്തകരും ജനപ്രതിനിധികളുമൊക്കെ ചടങ്ങിൽ സംബന്ധിച്ചു. ഒരുകാലിന് സ്വാധീനക്കുറവുള്ള ഗോപാലകൃഷ്ണന് ലോട്ടറി വിൽപ്പനയാണ് ഉപജീവനമാർഗം കഴിക്കുന്നത്. പാമ്പാടി വിജയൻ എന്നുപറഞ്ഞാലേ നാട്ടുകാർ അറിയൂ.