എരുമേലി : പതിവ് തെറ്റാതെ എരുമേലിയിൽ ശബരിമല തീർത്ഥാടന സീസണിലെ വൃത്തിയാക്കൽ ജോലി തമിഴ്നാട്ടുകാരായ 125 ശുചീകരണ തൊഴിലാളികളുടെ വിശുദ്ധിസേന ഏറ്റെടുത്തു. ഔദ്യോഗിക ഉദ്ഘാടനം ഇന്നാണെങ്കിലും ഇന്നലെയോടെ സേന ശുചീകരണം തുടങ്ങി. കൊരട്ടി പാലം മുതൽ കരിങ്കല്ലുമുഴി, ചരള വരെ അഞ്ച് സ്ഥലങ്ങളിലായി എരുമേലി ടൗൺ പൂർണമായി 15 പേർ ഉൾപ്പെട്ട അഞ്ച് സംഘങ്ങളായാണ് ശുചീകരണം നടത്തുക. ആരോഗ്യ വകുപ്പിലെ അഞ്ച് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ മേൽനോട്ടം വഹിക്കും. ഹെൽത്ത് ഇൻസ്‌പെക്ടർക്കാണ് സേനയുടെ പൂർണ നിയന്ത്രണം. തീർത്ഥാടന പാതകളിൽ അടിയന്തിര ശുചീകരണത്തിന് മൊബൈൽ ടീമും ഉണ്ടെന്ന് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എം.വി ജോയി, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം ജോസഫ് എന്നിവർ അറിയിച്ചു. താത്കാലിക ആശുപത്രിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് നിർവഹിക്കും. ദേവസ്വം സ്‌കൂളിന് അടുത്തുള്ള വലിയ ഗ്രൗണ്ടിൽ ദേവസ്വം ബോർഡ് പുതിയതായി നിർമ്മിച്ച കെട്ടിടങ്ങളിലാണ് ആശുപത്രി പ്രവർത്തിക്കുക. ഹോമിയോ, ആയുർവേദ, അലോപ്പതി ഡിസ്‌പെൻസറികളിലായി 24 മണിക്കൂറും ഡോക്ടർമാരുടെയുൾപ്പെടെ സേവനം ലഭിക്കും. ഒപ്പം മലേറിയ ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും.