കുറിച്ചി: നേപ്പാളിൽ നിന്നും മലനിരകൾ കടന്നെത്തിയ പ്രണയത്തിന്റെ കാറ്റ് കുറിച്ചിയിൽ പൂവണിഞ്ഞു. കുറിച്ചി പത്താമുട്ടം സ്വദേശിയായ ഉൻമേഷ് നേപ്പാൾ കാഠ്മണ്ഡു സ്വദേശിയായ അപ്സരയ്ക്കു താലി ചാർത്തിയതോടെയാണ് ഒരു നേപ്പാൾ പ്രണയകഥ യാഥാർത്ഥ്യമായത്. ഇന്നലെ പാത്താമുട്ടം ശാരദാ ക്ഷേത്രത്തിലായിരുന്നു ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹം നടന്നത്. 29 ന് കാഠ്മണ്ഡുവിൽ നേപ്പാളിലെ ആചാരപ്രകാരം വിവാഹം വീണ്ടും നടക്കും
ബഹ്റനിൽ വ്യത്യസ്ത കമ്പനികളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഉന്മേഷും അപ്സരയും തമ്മിൽ അടുപ്പത്തിലാകുന്നത്. ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പരിചയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടു വീടുകളിലും ബന്ധത്തെപ്പറ്റി അവതരിപ്പിച്ചപ്പോൾ ആർക്കും എതിർപ്പുണ്ടായിരുന്നില്ല. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ സംസാരിച്ച് വിവാഹം ഉറപ്പിച്ചു.
നേപ്പാളിൽ ബിസിസുകാരനായ ലക്ഷ്മൺ ദൻവറിന്റെയും മധു കുമാരിയുടെയും മകളാണ് അപ്സര. കുറിച്ചി ഗ്രാമപഞ്ചായത്ത് മുൻ അംഗം ഓമന ഉത്തമന്റെയും ചാലക്കപറമ്പിൽ ഉത്തമന്റെയും മകനാണ് ഉൻമേഷ്. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നേപ്പാളിൽ നിന്നുള്ള പത്തു പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.