കോട്ടയം: കൊയ്‌ത്തുകഴിഞ്ഞ പാടത്തിന് തീയിടാൻ വരട്ടെ. കാരണം, വൈക്കോലിന് (കച്ചി) ഇപ്പോൾ തന്നെ തീപിടിച്ച അവസ്ഥയാണ്. ഒരു കെട്ട് വൈക്കോലിന് 300 രൂപയാണ് ഇപ്പോൾ വില. കൊയ്‌ത്തുകാലത്ത് 50 രൂപ വിലയുണ്ടായിരുന്ന വൈക്കോലിനാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. 25 കിലോയുള്ള ഒരു കെട്ടിന്റെ വിലയാണിത്.
കച്ചി ചിക്കി ഉണക്കാനുള്ള കൂലിചെലവ് കൂടിയതോടെയാണ് ഭൂരിഭാഗം കർഷകരും കൊയ്‌ത്തുകഴിഞ്ഞാൽ പാടത്ത് തീയിടുന്നത് പതിവാക്കിയത്. എന്നാൽ രണ്ടു വർഷം മുമ്പ് കോട്ടയത്ത് കച്ചി കെട്ടാനുള്ള യന്ത്രം എത്തിയതോടെ കച്ചി നിസാരവിലയ്ക്ക് വാങ്ങി കയറ്റിക്കൊണ്ട് പോവുകയായിരുന്നു ചില വ്യാപാരികൾ. വൃത്തത്തിലും ചതുരത്തിലും കെട്ടിയാണ് കച്ചി ലോറികളിലും മറ്റും കടത്തിക്കൊണ്ടു പോകുന്നത്.
പച്ചപ്പുല്ല് കിട്ടാനില്ലാതായതോടെയാണ് കച്ചിക്ക് വൻ ഡിമാന്റായത്. പച്ചപ്പുല്ലിനും ഇപ്പോൾ തീവിലയാണ്. കാലിവളർത്തൽ വർദ്ധിച്ചതും കച്ചിയുടെ വില ഉയരാൻ കാരണമായി. തമിഴ്നാട്ടിൽ നിന്നാണ് വൈക്കോൽ അധികമായി എത്തുന്നുണ്ട്. എന്നിട്ടും റിമാൻഡ് കുറഞ്ഞിട്ടില്ല. കേരളത്തിലെ വൈക്കോലിന്റെ ഗുണം തമിഴ്നാട്ടിലേതിനില്ലെന്ന് ക്ഷീരകർഷകർ പറയുന്നു.
യന്ത്രം ഉപയോഗിച്ച് വൈക്കോൽ ഒതുക്കിക്കെട്ടുന്നതിനാൽ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. പണ്ടൊക്കെ ചിക്കിയ വൈക്കോലാണ് ലോറികളിൽ വാരിയിട്ട് കൊണ്ടുപോയിരുന്നത്. ലോറിയുടെ ഇരുവശത്തെയ്ക്കും മൂന്നടിയെങ്കിലും ഇത് തള്ളിനിൽക്കുമായിരുന്നു. ഇത് മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമായിരുന്നു. കൂടാതെ വൈക്കോൽ കയറ്റിക്കൊണ്ടു പോകമ്പോൾ തീ പിടിച്ച് ലോറിസഹിതം നശിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതെല്ലാം പഴങ്കഥയാണ്.
വൈക്കോലിന് വില വർദ്ധിച്ചതോടെ വിത്ത് വിതയ്ക്കുംമുമ്പേ കരാറാക്കാൻ വ്യാപാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. രണ്ടു വർഷം മുമ്പ് വരെ ആർക്കും വൈക്കോൽ വേണ്ടായിരുന്നു. വർദ്ധിച്ച കൂലിയായിരുന്നു ഇതിന് കാരണം. എന്നാൽ പണ്ടൊക്കെ ഒരു കിലോ പോലും പാടത്ത് ഉപേക്ഷിക്കാതെ ഉണക്കി മുഴുവനായും ശേഖരിച്ചിരുന്നു. ഇത് പ്രത്യേകം പുരകളിലാക്കിയും (കച്ചിപ്പുര) തുറു (മരങ്ങളിൽ വട്ടത്തിൽ വൈക്കോൽ തളിച്ച് വെള്ളം കയറാത്ത രീതി) ഇട്ടുമാണ് ഇവ സൂക്ഷിച്ചിരുന്നത്.