കോട്ടയം: നാടുംനഗരവും ഒരുങ്ങി. കോട്ടയം ലൂർദ്ദ് ഫൊറോന പള്ളിയുടെ കൂദാശ ശനിയാഴ്ച ചങ്ങനാശേരി അതിരൂപത മെത്രാപ്പോലിത്ത മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും. തുടർന്ന് ഒരാഴ്ച നീണ്ടു നില്ക്കുന്ന തിരുനാൾ കർമ്മങ്ങൾക്ക് തുടക്കമാകും. ഡിസംബർ ഒന്നിനാണ് പ്രധാന തിരുനാൾ. പള്ളിയുടെ ശതാബ്ദിവർഷ ആഘോഷം ഡിസംബർ ഒന്നിന് രാവിലെ 8.30ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാർ തോമസ് തറയിൽ, തോമസ് മാർ കൂറിലോസ് എന്നിവർ കൂദാശ ചടങ്ങിൽ സഹകാർമ്മികരായിരിക്കും. 5.30ന് മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്നേഹവിരുന്ന് നടക്കും.

24ന് രാവിലെ ഏഴിന് പുതിയ ബലിപീഠത്തിൽ വികാരി ഡോ.ജോസഫ് മണക്കളം ദിവ്യബലി അർപ്പിക്കും. സഹവികാരിമാരായ ഫാ.ജോസഫ് ആലുങ്കൽ, ഫാ.പയസ് പായിക്കാട്ടുമറ്റത്തിൽ, ഫാ.ആന്റണി ചൂരവടി എന്നിവർ സഹകാർമ്മികരായിരിക്കും. ഒമ്പതുമണിക്ക് നിത്യാരാധന ചാപ്പലിന്റെ വെഞ്ചരിപ്പ് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ നിർവ്വഹിക്കും. തുടർന്ന് ദിവ്യബലി. 25ന് വൈകുന്നേരം അഞ്ചിന് വിജയപുരം രൂപത മെത്രാൻ ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരി ദിവ്യബലി അർപ്പിച്ച് വചനപ്രഘോഷണം നടത്തും. 26ന് വൈകുന്നേരം അഞ്ചിന് ഫാ.ജേക്കബ് ഊട്ടിത്തടത്തിലും 27ന് കോട്ടയം ഫൊറോനയിലെ വൈദികൾ ചേർന്നുമാവും ദിവ്യബലി അർപ്പിക്കുക. 28ന് 4.30ന് കൊടിമരത്തിന്റെ വെഞ്ചരിപ്പ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ നിർവഹിക്കും. തുടർന്ന് വികാരി ഫാ.ജോസഫ് മണക്കുളം തിരുനാളിന് കൊടിയേറ്റും. മുൻ വികാരിമാരായ ഡോ.മാണി പുതിയിടം, ഫാ.ജോസഫ് മഠത്തിൽ, ഫാ.മാത്യു മറ്റം എന്നിവർ ചേർന്നാവും കുർബാന അർപ്പിക്കുക. 29ന് വൈകുന്നേരം 4.30ന് മാർ ജേക്കബ് മുരിക്കൻ കഷൽക്കുരിശിന്റെ വെഞ്ചരിപ്പ് കർമ്മം നിർവഹിക്കും. ദിവ്യബലിക്കുശേഷം സെമിത്തേരി സന്ദർശനവും ഉണ്ടായിരിക്കും. 30ന് വൈകുന്നേരം 4.30ന് മാർ ജോസഫ് പാംപ്ലാനി ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമ്മം നിർവഹിക്കും. തുടർന്ന് ലൂർദ്ദ് പള്ളിയിൽ സേവനമനുഷ്ഠിച്ച മുൻ കൊച്ചച്ചന്മാർ ചേർന്ന് ദിവ്യബലി അർപ്പിക്കും. ചരിത്രപ്രസിദ്ധമായ പട്ടണപ്രദക്ഷിണം 5.30ന് ആരംഭിക്കും.

പ്രധാന തിരുനാൾ ദിനമായ ഡിസംബർ ഒന്നിന് 8.30ന് ശതാബ്ദി വർഷത്തിന്റെ ആഘോഷപരിപാടികൾ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കും. കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും ഇതോടനുബന്ധിച്ച് നടക്കും. പള്ളി കൂദാശയോടനുബന്ധിച്ച് എത്തുന്നവർക്കായി വിപുലമായ വാഹന പാ‌ർക്കിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ട്, ടി.വി.എസ് ഗ്രൗണ്ട്, ബസേലിയസ് കോളേജ് ഗ്രൗണ്ട്, മാർ ഏലിയ കത്തീഡ്രൽ ഗ്രൗണ്ട്, എം.ഡി. ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പള്ളിയിലെ സെല്ലാർ പാർക്കിംഗ് സ്ഥലം പ്രധാന ക്ഷണിതാക്കൾക്കായും രോഗികൾ എത്തുന്ന വാഹനങ്ങൾക്കുമായി മാറ്റിവച്ചിരിക്കുകയാണ്. ബാസ്ക്കറ്റ് ബാൾ ഗ്രൗണ്ടും സ്കൂൾ മുറ്റവും പുരോഹിതരും കന്യാസ്ത്രീകളും വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണെന്ന് വികാരി ഫാ.ജോസഫ് മണക്കളം അറിയിച്ചു.