കോട്ടയം: സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പാട്ട കുടിശിക പിരിച്ചെടുക്കാൻ സർക്കാരിന് താൽപ്പര്യമില്ല. എസ്‌റ്റേറ്റുകൾ, ക്ളബുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് ജില്ലയിൽ പാട്ടക്കുടിശിക പിരിച്ചെടുക്കാനുള്ളത്. ഇത്തരം 14 കേസുകളുണ്ട് ജില്ലയിൽ . സർക്കാരിൽ നിന്ന് ഭൂമി പാട്ടത്തിനെടുക്കുകയും എന്നാൽ കാലാവധി കഴിഞ്ഞിട്ടും പാട്ടത്തുക നൽകാതിരിക്കുകയും ചെയ്തവരോട് സർക്കാർ മൃദു സമീപനം സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. ജില്ലയിൽ എസ്റ്റേറ്റുകളാണ് ഏറ്റവും അധികം കുടിശിക വരുത്തിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനായി ഭൂമി ലഭിച്ച ട്രസ്റ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയും കുടിശിക അടച്ചിട്ടില്ല. മൂന്നു വർഷത്തിലൊരിക്കൽ പാട്ടത്തുക പുതുക്കണമെന്നാണ് ചട്ടവും നടപ്പായില്ല.
പാട്ടം അനുവദിച്ച സ്ഥാപനങ്ങളല്ല ഇപ്പോൾ ഭൂമി ഉപയോഗിക്കുന്നതിലേറെയും. പലരും ഭൂമി വാണിജ്യാവശ്യങ്ങൾക്കായി അനധികൃതമായി കൈമാറിയിട്ടുണ്ട്. സർക്കാരിൽ നിന്ന് ഭൂമി പാട്ടത്തിനെടുക്കുകയും ജില്ലാ ഭരണകൂടവുമായി കരാറുണ്ടാക്കുകയും ചെയ്തവയുമുണ്ട്. സംസ്ഥാനത്ത് ഈ ഇനത്തിൽ 1155 കോടി രൂപയാണ് പിരിക്കാനുള്ളത്.
എന്നാൽ കുടിശികക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പിരിച്ചെടുക്കുന്നതിൽ അലംഭാവമില്ലെന്നുമാണ് റവന്യൂ വിഭാഗം പറയുന്നത്.
കുടിശിക ജില്ലയിൽ
11.38 കോടി രൂപ
കുടിശികയിൽ കോട്ടയം ആറാം സ്ഥാനത്ത്
കുടിശികക്കാർ എസ്റ്റേറ്റുകളും സ്ഥാപനങ്ങളും
പാട്ടഭൂമി വാണിജ്യാവശ്യത്തിന് കൈമാറി
പാട്ടത്തുക പുതുക്കണമെന്ന ചട്ടം നടപ്പായില്ല
''പ്രളയത്തെ തുടർന്നുള്ള നവകേരള നിർമ്മാണത്തിന് പണമില്ലാതെ വലയുമ്പോഴും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും തുക തിരിച്ചു പിടിക്കാൻ സർക്കാർ തയാറാകുന്നില്ല. മുണ്ടുമുറുക്കാൻ സർക്കാർ നിർദേശിക്കുമ്പോൾ, വൻകിടക്കാർക്ക് വേണ്ടി കോടികൾ പാഴാക്കുകയാണ് ''
എൻ.ഹരി, ബി.ജെ.പി ജില്ലാ പ്രസിഡന്റ്