m

തലയോലപ്പറമ്പ്: ഗ്രാമ പഞ്ചായത്ത് ഇറച്ചി-മത്സ്യ മാർക്കറ്റിലെ ദുർഗന്ധം വമിക്കുന്ന അവശിഷ്ടങ്ങളും മലിനജലവും റോഡിലും സമീപത്തെ ഒഴുക്കില്ലാത്ത തോട്ടിലും ഒഴുക്കിവിടുന്നത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി. ഇറച്ചി-മത്സ്യമാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ അടക്കമുള്ള സ്ഥാപനത്തിലേക്കും മറ്റ് നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കും വരുന്ന നൂറ് കണക്കിന് ഉപഭോക്താക്കൾ തന്മൂലം മൂക്ക് പൊത്തി വരേണ്ട ഗതികേടിലാണ്. അറവുശാലകളിലെ അവശിഷ്ടങ്ങളും മലിനജലവും സംസ്‌ക്കരിക്കുവാൻ വേണ്ട പ്ലാന്റോ മറ്റ് സംവിധാനങ്ങൾ മാർക്കറ്റിൽ ഇല്ലാത്തതാണ് സമീപത്തെ വ്യാപരികളും നാട്ടുകാരും ദുരിതം പേറാൻ കാരണം. സുരക്ഷിതത്വമില്ലാതെ തുറസായ സ്ഥലത്ത് നിക്ഷേപിക്കുന്ന മാലിന്യങ്ങൾ ഒഴുകി റോഡിലും സമീപത്തെ ചന്ത തോട്ടിലും വീഴുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അറവ് മാലിന്യങ്ങൾ നിറഞ്ഞ് ചന്തതോടും പരിസരവും കുപ്പത്തൊട്ടിയായി മാറിയിരിക്കുകയാണ്. ചന്ത തോട്ടിൽ നീരൊഴുക്ക് നിലച്ചത് മൂലം മാലിന്യങ്ങൾ ഒഴുകിപ്പോകാതെ ഇവിടെ കെട്ടിക്കിടന്ന് ജനങ്ങൾക്ക് പകർച്ചവ്യാധികൾ ഉൾപ്പടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാദ്ധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. ചന്ത തോട്ടിൽ നിന്നും വെള്ളം ഒഴുകിപ്പൊകുന്നതിനും
കുറുന്തറ പുഴയുടെ സംരക്ഷണം ലക്ഷ്യമിട്ടും അടിയം ചാലിൽ നിന്നും വെള്ളം കുറുന്തറ പുഴയിലേക്ക് ഒഴുക്കി വിടുന്നതിനുവേണ്ടിയുള്ള ചാലുനവീകരണം ഏറെക്കുറെ പൂർത്തീകരിച്ചെങ്കിലും പുത്തൻതോടിന് സമീപം സ്ഥാപിക്കുന്ന ബോക്‌സ് കലുങ്ക് നിർമ്മാണം ഇനിയും പൂർത്തിയാകാത്തതിനാൽ ഒഴുക്ക് തീർത്തും നിലച്ച ചന്ത തോട്ടിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടി കിടക്കുകയാണ്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങളിൽ നിന്നും വരുന്ന രൂക്ഷമായ ഗന്ധം മൂലം സമീപത്തെ വീട്ടുകാർക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. രാത്രി കാലങ്ങളിൽ മത്സ്യ മാർക്കറ്റിലെ മാലിന്യങ്ങൾ ഒഴുക്കിവിടുന്നതും പതിവാണെന്ന് ആക്ഷേപമുണ്ട്. മാർക്കറ്റിലെ അറവ് മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിന് മാർഗ്ഗം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം ശക്തമാണ്.

'' ഇറച്ചി മത്സ്യ മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിന് വേണ്ടി പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിന് 8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെന്റർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണ പ്രവർത്തനം ആരംഭിക്കും.പ്ലാന്റ് നിർമ്മാണം പൂർത്തിയാകുന്നത് വരെ മാർക്കറ്റിലെ കശാപ്പ് നിർത്തിവയ്ക്കുന്നതിന് നടപടി സ്വീകരിക്കും " --

വി.ജി മോഹനൻ, (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)