കോട്ടയം: മണ്ഡലകാലം തുടങ്ങിയതോടെ പതിവിന് വിപരീതമായി ജില്ലയിൽ ശബരിമല തീർത്ഥാടകരുടെ തിരക്ക്. കോട്ടയം റെയിൽവേ സ്‌റ്റേഷനിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും എരുമേലിയിലും അടക്കം തീർത്ഥാടകരുടെ നിര. യുവതീ പ്രവേശന വിവാദം കത്തി നിന്ന സാഹചര്യത്തിൽ കഴിഞ്ഞ തവണ ഈ സമയം തിരക്കൊട്ടുമില്ലായിരുന്നെങ്കിലും സർക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെയാണ് തിരക്ക് കൂടിയത്. കോട്ടയം റെയിൽവെ സ്‌റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി വെള്ളിയാഴ്ച മുതൽ പമ്പയിലേയ്ക്ക് സർവീസ് ആരംഭിച്ചു. ഇന്നലെ 20 ബസുകൾ ഒാടി. ഇന്ന് മുതൽ കൂടുതൽ ബസുകൾ എരുമേലിക്കും പമ്പയ്ക്കും സർവീസ് നടത്തും.അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് അധികവും. ബംഗ്ളുരു, ചെന്നൈ ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തിയത്. ആന്ധ്രയിൽനിന്ന് ഇന്നലെ ആദ്യ സ്‌പെഷ്യൽ ട്രെയിൻ എത്തി.
തിരക്ക് കൂടിയാൽ ബസുകൾ പിടിച്ചെടുത്ത് പമ്പയ്ക്ക് അയയ്ക്കും
ട്രെയിൻ എത്തിയാലുടൻ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പമ്പയ്ക്ക് പുറപ്പെടാൻ തയ്യാറായി ബസ് സജ്ജമാക്കിയിട്ടുണ്ട് കെ.എസ്.ആർ.ടി.സി. പമ്പ സർവീസ് ബസുകളുടെ പാർക്കിംഗ് ഗുഡ്‌സ് റോഡിലാണ്. റെയിൽവേ സ്‌റ്റേഷനിൽ താത്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫീസും ക്രമീകരിച്ചിട്ടുണ്ട്. തിരക്ക് കൂടുമ്പോൾ കോട്ടയം ഡിപ്പോയിലെത്തുന്ന ബസുകൾ പിടിച്ച് പമ്പയ്ക്ക് അയയ്ക്കാനും നിർദേശമുണ്ട്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയിലും തിരക്കേറി. എരുമേലിയിൽ അയ്യപ്പൻമാരുടെ ചെറിയ സംഘങ്ങൾ പേട്ടതുള്ളൽ തുടങ്ങി. ഇടത്താവളങ്ങളായ ഏറ്റുമാനൂർ, വൈക്കം, കടപ്പാട്ടൂർ എന്നിവിടങ്ങളിലും തീർത്ഥാടകരുടെ തിരക്ക് തുടങ്ങി. കെ.കെ റോഡിലും പാലാ -പൊൻകുന്നം റോഡിലും തീർത്ഥാടക വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ പരമ്പരാഗത കാനനപാതയിൽ വലിയ തിരക്കില്ല.