വൈക്കം: മത്സ്യഫെഡിന്റെ ചെമ്പ് കാട്ടിക്കുന്നിലെ പാലാക്കരി ഫിഷ് ഫാം സന്ദർശകർക്ക് അവിസ്മരണീയ അനുഭവങ്ങളൊരുക്കി കാത്തിരിക്കുന്നു. ഇവിടെ സഞ്ചാരികൾക്കായി നിരവധി പുതിയ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സായാഹ്നങ്ങളെ ആസ്വാദ്യകരമാക്കാൻ ഇനി സ്‌പെഷ്യൽ ഈവനിംഗ് പാക്കേജുകൾ ഉണ്ടാവും. വൈകിട്ട് മൂന്ന് മുതൽ 6 വരെയുള്ള ഈവനിംഗ് പാക്കേജിന് പ്രവൃത്തി ദിനങ്ങളിൽ 250 രൂപയും ശനി, ഞായർ, അവധി ദിനങ്ങളിൽ 300 രൂപയുമാണ് നിരക്ക്. സന്ദർശകരെ ആകർഷിക്കുന്നതിനായി ' യാത്രിക'' എന്ന പേരിൽ ഹ്രസ്വദൂര യാത്രകൾ ഒരുക്കിയിട്ടുണ്ട്. പാലാക്കരിയിലെ സുന്ദരമായ കാഴ്ചകൾ ആസ്വദിച്ച് ഉച്ചഭക്ഷണവും കഴിച്ചശേഷം തൃപ്പൂണിത്തറ ഹിൽ പാലസിലേക്കോ, നീണ്ടൂർ ജെ.എസ്. ഫാമിലേക്കോ ആണ് ഹ്രസ്വയാത്രകൾ . രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് ഈ പാക്കേജിന്റെ സമയം. ഭക്ഷണം, ചായ, കെട്ടുവള്ളം മ്യൂസിയം, മത്സ്യക്കൂട് കൃഷി സന്ദർശനം, കയാക്ക്, കായലിലൂടെ സ്പീഡ് ബോട്ട് സവാരി, തുടർന്ന് ഹ്രസ്വദൂര യാത്ര എന്നിങ്ങനെയുള്ള പാക്കേജിന് 750 രൂപയാണ് നിരക്ക്.
ഫാമിലെ ശുദ്ധമായ മത്സ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഉച്ചയൂണും മറ്റൊരാകർഷണമാണ്. വനിത സ്വയം സഹായ സംഘത്തിലെ അംഗങ്ങളാണ് ഭക്ഷണശാലയുടെ നടത്തിപ്പുകാർ. ഫാമിൽ വളർത്തുന്ന ഗിഫ്റ്റ്, തിലോപ്പിയ മൽസ്യങ്ങൾ വാങ്ങുകയുമാകാം. കുട്ടികൾക്കായി നവീകരിച്ച പാർക്കും സജ്ജമാക്കിയിട്ടുണ്ട്.
ഈവനിംഗ് സ്‌പെഷ്യൽസ്
വേമ്പനാട് കായലിന്റെ ഓളപ്പരപ്പിലൂടെ സ്പീഡ് ബോട്ട് സവാരി,
കെട്ടുവള്ളം മ്യൂസിയം സന്ദർശനം, ചായ, പഴംപൊരി, ഐസ്‌ക്രീം
ഫെറിബോട്ടിൽ 10 മിനിറ്റ് നേരം മത്സ്യക്കൂട് കൃഷി സന്ദർശനം,
കയാക്കിംഗ്, പിന്നെ ചീനവലയ്ക്ക് സമീപം നിന്ന് ഫോട്ടോ എടുക്കാം.
വേമ്പനാട്ട് കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഫിഷ് ഫാം ആന്റ് അക്വാ ടൂറിസം സെന്റർ പ്രകൃതി ഭംഗി ആസ്വദിച്ച് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഒരു ദിവസം ചെലവഴിക്കാൻ പറ്റിയ ഒരിടമാണ്.
ബുക്കിംഗിന്
9497031280,
9400993311